ടീന ജോസ് ട്വന്റി 20യുടെ പ്രചാരക; സംഘടന നിലപാട് വ്യക്തമാക്കണം: വി.ശിവൻകുട്ടി
Kerala
ടീന ജോസ് ട്വന്റി 20യുടെ പ്രചാരക; സംഘടന നിലപാട് വ്യക്തമാക്കണം: വി.ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 5:35 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ടീന ജോസ് നടത്തിയ കൊലവിളി ഞെട്ടലുണ്ടാക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒരു ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ജീവന് ഭീഷണിയുയർത്തുന്ന പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ സംസ്കാരമുള്ള സമൂഹത്തിന് അപാനമാനമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നതെന്നും ഈ വ്യക്തി ട്വൻ്റി 20യുടെ കടുത്ത പ്രചാരകയാണെന്നും സംഘടന ഈ വിഷയത്തിൽ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കന്യാസ്ത്രീയും അഭിഭാഷകയുമായ ടീന ജോസിന്റെ പ്രൊഫൈലിൽ നിന്നും കൊലവിളിയുയർന്നത്.

ഇത് ഒരാളുടെ മാത്രം അഭിപ്രായ പ്രകടനമല്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ശിവൻകുട്ടി പറഞ്ഞു.

കൊലവിളി നടത്തുന്ന വ്യക്തിക്ക് ഒരു സംഘടനയുടെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.

ഇത്തരം വ്യക്തികൾക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണെന്നും ശിവൻകുട്ടി ചോദിച്ചു.

ക്യാപ്റ്റൻ (മുഖ്യമന്ത്രി) നാളെ മുതൽ ഇറങ്ങുകയാണ് എന്ന സെൽറ്റൻ എൽ. ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയുടെ വേഷം അണിഞ്ഞ ടീന ജോസ് കമന്റ് ചെയ്തത്.

‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമൻ്റ് ഞെട്ടലോടെയാണ് കാണുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ,പൗരൻ്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിൻ്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.
പരാമർശങ്ങൾ ഏതൊരു സംസ്കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്.
അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണ്? ഇത്തരക്കാർക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ല.
അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഈ വ്യക്തി ട്വൻ്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.
ട്വൻ്റി 20 ഈ വിഷയത്തിൽ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു സംഘടനയുടെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു?

Content Highlight: V. Sivankutty says Tina Jose’s death threats against Chief Minister Pinarayi Vijayan are shocking