തിരുവനന്തപുരം: സംസ്ഥാനത്തെ ട്യൂഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കാന്‍ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്നാല്‍ ഇത് തന്റെ ആശയം മാത്രമാണെന്ന് പറഞ്ഞ മന്ത്രി, മുഖ്യമന്ത്രിയും മന്ത്രിസഭായോഗവുമാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കച്ചവടം അനുവദിക്കാന്‍ കഴിയില്ലെന്നും പഠിക്കുന്ന കുട്ടികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കോച്ചിങ്ങിന് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍ അടക്കം നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘ചില രക്ഷകര്‍ത്താക്കള്‍ തന്റെ മക്കള്‍ ട്യൂഷന്‍ പഠിച്ചാലേ മതിയാകൂ എന്ന് വിശ്വസിക്കുന്നു. കഴിവുള്ള അധ്യാപകരാണ് നമ്മുടെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ നടത്തേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല, എന്നാല്‍ അതിനെല്ലാം ഒരു മര്യാദയും പരിധിയും പരിമിതിയും വേണം. ഇത് കേരളമാണ്. ഇവിടെ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ പറ്റില്ല,’ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനാണ് തീരുമാനം. സ്‌കൂളിന് പിന്നാലെ ട്യൂഷന്‍ സെന്ററുകളില്‍ കൂടി പോകുന്ന കുട്ടികള്‍ക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
കോച്ചിങ് സെന്ററുകളിലെ ഫീസ് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്തെ സ്‌കൂള്‍ സമയം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിനെതിരെ നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂര്‍ അധിക പ്രവര്‍ത്തി സമയം വര്‍ധിപ്പിച്ചായിരുന്നു നടപടി. ഉത്തരവ് അനുസരിച്ച് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്.
Content Highlight: V. Sivankutty says he is considering cutting tuition classes in kerala