മതേതര കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം ദുരനുഭവമുണ്ടാകാന്‍ പാടില്ല; ശിരോവസ്ത്ര വിവാദത്തില്‍ ശിവന്‍കുട്ടി
Kerala News
മതേതര കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം ദുരനുഭവമുണ്ടാകാന്‍ പാടില്ല; ശിരോവസ്ത്ര വിവാദത്തില്‍ ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 7:45 pm

തിരുവനന്തപുരം: എറണാകുളം സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുത വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേദശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

നേരത്ത, കൊച്ചി പള്ളുരുത്തിയിലെ സ്വകാര്യ സ്‌കൂളായ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചെത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. യൂണിഫോം കോഡ് പാലിച്ചില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തുകയും വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

ജൂണ്‍-ജൂലൈ മാസത്തില്‍ കുട്ടി ഒന്നുരണ്ട് തവണ ശിരോവസ്ത്രം ധരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യൂണിഫോം നിബന്ധനകള്‍ പാലിക്കാന്‍ എല്ലാ കുട്ടികളും ബാധ്യസ്ഥരാണെന്നും അതൊരാളായിട്ട് ലംഘിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് നിലപാടെടുത്തു.

ഇതോടെ നാല് മാസത്തോളം യൂണിഫോം നിബന്ധനകള്‍ പാലിച്ചിരുന്ന കുട്ടി കഴിഞ്ഞ ദിവസം ശിരോസവസ്ത്രം ധരിച്ചെത്തിയതോടെയാണ് മാനേജ്മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.

മനപൂര്‍വം പ്രശ്നമുണ്ടാക്കാനായി കുട്ടിയെ തട്ടം ധരിച്ചെത്താന്‍ ആരോ നിര്‍ബന്ധിക്കുകയാണെന്നാണ് മനേജ്മെന്റിന്റെ ആരോപണം. വിവാദത്തിന് പിന്നാലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.

 

Content Highlight:  V. Sivankutty responds to the headscarf controversy at St. Rita’s Public School