അങ്ങേയറ്റം സ്ത്രീവിരുദ്ധം; 'ഒറ്റ തന്ത' പ്രയോഗത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി വി.ശിവൻകുട്ടി
Kerala
അങ്ങേയറ്റം സ്ത്രീവിരുദ്ധം; 'ഒറ്റ തന്ത' പ്രയോഗത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി വി.ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 12:40 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗത്തിനെതിരെ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.  ഈ പ്രയോഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ എം.പിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറഞ്ഞിരുന്നെന്നും താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

ഒറ്റ തന്ത എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നതാണെന്നും ഇത് അങ്ങേയറ്റം പുരുഷാധിത്യപരമായ കാഴ്ചപാടാണെന്നും മന്ത്രി പറഞ്ഞു. ഈ പ്രയോഗം അസാധാരണമായി ഒരു യോഗ്യതപോലെ ഉപയോഗിക്കുന്നത് തികഞ്ഞ അസംബന്ധമാണെന്നും ശിവൻകുട്ടി പറഞ്ഞു.

ഈ പ്രയോഗം വെറും അധിക്ഷേപം മാത്രമല്ല അറിവില്ലായ്മയെ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യവും കുലമഹിമയും നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ ഉണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു.

ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും അല്ലാതെ സ്വന്തം ജനനത്തെയും കുടുംബത്തെയും അധിക്ഷേപിച്ചു കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രയോഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്. ജി.കോഫി ടൈംസ് എന്ന ചർച്ചാപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ആലപ്പുഴയിൽ എയിംസ് വരുന്നതിൽ ഒരു രാഷ്ട്രീയതയും പ്രാദേശികതയും താൻ കാണുന്നില്ലെന്നും കമ്മ്യുണിസത്തിൽ നിന്നും ആലപ്പുഴയെ കരകയറ്റാനാണ് താൻ ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

നേരത്തെ സുരേഷ് ഗോപി വിദ്യാഭ്യാസമന്ത്രിക്ക് നേരെ വിവാദ പരാമർശങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ എന്നെ എന്നും പരിഹസിക്കുന്നൊരു മന്ത്രിയുണ്ടെന്നും അവരെപോലുള്ളവർക്ക് പകരം കേരളത്തിലേക്ക് നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പരിഹാസത്തിനെതിരെ കലുങ്ക് തമ്പ്രാനിൽ നിന്നും ഒരു മൊട്ടുസൂചിയുടെ ഉപയോഗം പോലും കേരളത്തിനില്ലെന്നും കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്രമെന്നും ശിവൻ കുട്ടി പ്രതികരിച്ചിരുന്നു.

ഫേസ്ബുക്കിന്റെ പൂർണരൂപം

ഒറ്റ തന്തയ്ക്ക് പിറന്നവൻ..!!
നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്.

എന്താണ് ഈ പ്രയോഗത്തിലെ ശരികേട്?

അത് സ്ത്രീവിരുദ്ധമാണ്: ‘ഒറ്റ തന്ത’ എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിത്.

അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്: മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, “ഒറ്റ തന്തയ്ക്ക്” എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്.

അത് മനുഷ്യവിരുദ്ധമാണ്: ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമർശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങൾ ഉന്നയിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്.

അത് കാലഹരണപ്പെട്ടതാണ്: “പാരമ്പര്യവും കുലമഹിമയും” നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങൾ. നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകൾ.

ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകൾ ആയുധങ്ങളാണ്, അത് മുറിവേൽപ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാരസമ്പന്നമാകാൻ ഇത്തരം പിന്തിരിപ്പൻ പ്രയോഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കാൻ നമുക്കോരോരുത്തർക്കും, പ്രത്യേകിച്ച് പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്.

Content Highlight: Extremely misogynistic; V. Sivankutty responds to Suresh Gopi for his ‘otta thantha’ remark