തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് (101) അച്യുതാന്ദന്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായരുന്നെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും കോണ്‍ഗ്രസ് നേതാവായ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20ന് തിരുവിതാംകൂറിലെ ആലപ്പുഴയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ചു. നാല് വയസുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. തുടര്‍ന്ന് 11 വയസില്‍ പിതാവിനെയും നഷ്ടപ്പെട്ടു. ഇതോടെ ഏഴാം ക്ലാസിന് ശേഷം അദ്ദേഹത്തിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
തുടര്‍ന്ന് തയ്യല്‍ക്കടയില്‍ തന്റെ മൂത്ത സഹോദരനെ സഹായിച്ചുകൊണ്ട് അദ്ദേഹം ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട് ഒരു കയര്‍ ഫാക്ടറിയില്‍ കയറുകള്‍ നിര്‍മ്മിക്കുന്നതിനായി കയര്‍ മെഷ് ചെയ്യുന്ന ജോലി അദ്ദേഹം ഏറ്റെടുത്തു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) അംഗമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്.
കര്‍ഷക തൊഴിലാളി യൂണിയന്‍ അടക്കമുള്ള നിരവധി തൊഴിലാളി സംഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ 40 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ അഞ്ച് വര്‍ഷവും ആറ് മാസവും ജയിലിലടയ്ക്കപ്പെടുകയും നാലര വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്തു.
1957ല്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. 1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തുപോയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു അദ്ദേഹം.
1980 നും 1992 നും ഇടയില്‍ അദ്ദേഹം കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ സി.പി.ഐ.എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം.
1980 മുതല്‍ 1991 വരെ മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഇതില്‍ ഏഴ് തവണ വിജയിച്ചു.
2006 ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, പാലക്കാട് ജില്ലയിലെ മലമ്പുഴ നിയോജകമണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പച്ചേനിയെ 20,017 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
തുടര്‍ന്ന് 21 അംഗ മന്ത്രിസഭയോടൊപ്പം 2006 മെയ് 18 ന് അദ്ദേഹം കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് 82 വയസ്സും 7 മാസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു അദ്ദേഹം.