'AMMA'യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരനെതിരെ പരാതി നല്‍കി ഉഷ ഹസീന
Kerala
'AMMA'യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരനെതിരെ പരാതി നല്‍കി ഉഷ ഹസീന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 4:11 pm

കൊച്ചി: താരസംഘടനായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെതിരെ പരാതി നല്‍കി നടി ഉഷ ഹസീന. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംഘടനാ തെരഞ്ഞടുപ്പില്‍ നിന്ന് ആളുകളെ പിന്മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി. നശിപ്പിച്ചെന്ന് അവകാശപ്പെടുന്ന മെമ്മറി കാര്‍ഡ് ഇപ്പോഴും കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു.

ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് പുറത്തുവരേണ്ടതുണ്ടെന്നും ഉഷ ഹസീന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങൾ നേരത്തെ സംഘടനയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ കുക്കു പരമേശ്വരന്‍ തങ്ങള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നുവെന്നും ഉഷ പറഞ്ഞു.

നിലവില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും ഡി.ജെ.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഉഷ അറിയിച്ചു. നേരത്തെ കുക്കു പരമേശ്വരനെതിരെ അമ്മയിലെ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് ഉഷ ഹസീന പരാതിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പരാതി നല്‍കേണ്ട എന്നായിരുന്നു തങ്ങള്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നതെന്നും ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരന്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മെമ്മറി കാര്‍ഡ് വിവാദം തലപൊക്കിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സംഘടനയിലെ വനിതാ അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ഉഷ ഹസീന ഉള്‍പ്പെടെയുള്ള നടിമാരുടെ ആരോപണം. പൊന്നമ്മ ബാബു, പ്രിയങ്ക തുടങ്ങിയവരാണ് കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ കുക്കു പരമേശ്വരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടി മാല പാര്‍വതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ളവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നാണ് മാല പാര്‍വതി വിമര്‍ശിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് താരസംഘടനക്കുള്ളില്‍ വിവാദം കനക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന നടന്‍ ബാബുരാജ് മത്സരത്തില്‍ നിന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതോടെയാണ് വിവാദങ്ങള്‍ ശക്തമായത്. നടന്‍ ജഗദീഷും മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

Content Highlight: Memory card controversy in ‘AMMA’; Usha Hasina files complaint against Kuku Parameswaran