സോഷ്യോളജിയില്‍ പി.എച്ച്.ഡിയുള്ള മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഉമൈമ ഡെമോക്രസി നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രഈല്‍ സേനയില്‍ മെഡിക്കല്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ച് മടങ്ങിയെത്തിയ ഒരു പ്രൊഫസറെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
ഗസയില്‍ പതിനായിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ സൈന്യത്തിലെ ഒരു വ്യക്തിയുമായി സര്‍വകലാശാലയ്ക്ക് എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഉമൈമ ചോദിച്ചത്. പ്രൊഫസറുടെ പേര് എടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.
‘ഗസയിലെ വംശഹത്യയില്‍ പങ്കാളിയായ ഈ പ്രൊഫസര്‍ ഒരു പ്രദേശത്തെ ആരോഗ്യസംവിധാനത്തെ പൂര്‍ണമായും തകര്‍ത്ത് കളയാനും 400ല്‍ അധികം ആരോഗ്യപ്രവര്‍ത്തകരുടെ മരണത്തിനും കാരണക്കാരനായി. എന്നിട്ട് എങ്ങനെയാണ് ഒന്നും സംഭവിക്കാത്തത് പോലെ എമോറിയില്‍ വന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ രോഗികളെ പരിചരിപ്പിക്കാന്‍ പഠിപ്പിക്കുന്നത്,’ ഉമൈമ ചോദിച്ചു.
ഉമൈമയുടെ പരാമര്‍ശത്തില്‍ പ്രൊഫസര്‍ പരാതി നല്‍കിയിരുന്നു. ഉമൈമക്കെതിരെ സര്‍വകലാശാല അന്വേഷണം നടത്തണമെന്നും പ്രൊഫസര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ടെലിവിഷന്‍ അഭിമുഖത്തിലൂടെ ഒരു വ്യക്തിയെ അധിക്ഷേപിച്ചതിലൂടെ ഉമൈമ മെഡിക്കല്‍ കോളേജിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് സര്‍വകലാശാല അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഒരു മൂന്നംഗ കമ്മറ്റിയേയും നിയോഗിച്ചിരുന്നു.
ഒരാഴ്ച്ചക്ക് ശേഷം, ഉമൈമയെ എമോറിയുടെ മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍ ഫലസ്തീനെ പിന്തുണച്ചതിലൂടെ പുറത്താക്കപ്പെടുന്ന സര്‍വകലാശാലയിലെ ആദ്യ വിദ്യാര്‍ത്ഥിയായിരുന്നില്ല ഉമൈമ.