വാഷിങ്ടൺ: തൻ്റെ വിദ്യാർത്ഥിയെ നാല് വർഷമായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അമേരിക്കയിൽ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി വിദ്യാർത്ഥിയെ പീഡിപ്പിക്കുന്ന അധ്യാപികക്ക് വിദ്യർത്ഥിയിൽ ഒരു കുഞ്ഞും ജനിച്ചിട്ടുണ്ട്.
മിഡിൽ ടൗൺഷിപ്പ് എലിമെൻ്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ലോറ കരോൺ ആണ് തന്റെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ലോറ കരോൺ 2016 മുതൽ 2020 വരെ തൻ്റെ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കേപ് മെയ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ലോറ കരോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുട്ടിയുടെ ചിത്രങ്ങളും തന്റെ മകനും തമ്മിലുള്ള സാമ്യം പീഡനത്തിനിരയായ വിദ്യാർഥിയുടെ പിതാവിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2005ൽ ജനിച്ച ആൺകുട്ടിയുടെ കുടുംബവും ലോറ കരോണും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. മാതാപിതാക്കൾ പീഡനത്തിനിരയായ കുട്ടിയേയും അവൻ്റെ രണ്ട് സഹോദരങ്ങളെയും കരോണിന്റെ വീട്ടിൽ താമസിക്കാൻ അയക്കാറുണ്ടായിരുന്നു. 2016 നും 2020 നും ഇടയിൽ അവർ കരോണിന്റെ വീട്ടിൽ സ്ഥിരമായി താമസിച്ചിട്ടുണ്ട്.
ഈ സമയത്താണ് കരോൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭിണിയാവുകയും ചെയ്തത്. 2019ൽ കരോൺ ആൺകുഞ്ഞിന് ജന്മം നൽകി. അന്ന് പീഡനത്തിനിരയായ കുട്ടിക്ക് 13 വയസും കരോണിന് 28 വയസുമായിരുന്നു.
2024 ഡിസംബറിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കരോണിന്റെ കുഞ്ഞും തൻറെ മകനും തമ്മിലുള്ള അസാധാരണമായ സാമ്യം കുട്ടിയുടെ പിതാവിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. കരോണിനോട് വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ സത്യം തുറന്ന് പറയുകയായിരുന്നു.
11 വയസ്സുള്ളപ്പോൾ മുതൽ കരോൺ തൻ്റെ സഹോദരനോടൊപ്പം ഉറങ്ങാൻ തുടങ്ങിയെന്ന് കുട്ടിയുടെ സഹോദരി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. ഇരയ്ക്ക് ഇപ്പോൾ ഏകദേശം 19-20 വയസ് പ്രായമുണ്ട്.