പ്രതിഷേധ സമരങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍; ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി യു.എസ്
World News
പ്രതിഷേധ സമരങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍; ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 4:51 pm

വാഷിങ്ടണ്‍: ഒരു ഡസനിലധികം ഇറാനിയന്‍ ഉദ്യോഗസ്ഥരെ പുതുതായി ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ബുധനാഴ്ചയായിരുന്നു യു.എസിന്റെ ഈ നടപടി.

സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെ ഇറാനിയന്‍ ഭരണകൂടം അടിച്ചമര്‍ത്തുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് യു.എസിന്റെ നീക്കം.

മഹ്‌സ അമിനി കൊല്ലപ്പെട്ട് 40 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ അവരുടെ ജന്മനാട്ടില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാനിയന്‍ സുരക്ഷാ സേന വെടിയുതിര്‍ത്തുവെന്ന് നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതായി യു.എസ് പ്രഖ്യാപിച്ചത്.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ (Islamic Revolutionary Guards Corps) ഇന്റലിജന്‍സ് വിഭാഗം തലവന്‍ മുഹമ്മദ് കസെമി (Mohammad Kazemi), സിസ്താന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ഹൊസൈന്‍ മൊദാരെസ് ഖിയാബാനി (Hossein Modarres Khiabani) എന്നിവര്‍ക്കെതിരെ യു.എസ് ഉപരോധമേര്‍പ്പെടുത്തി.

പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി ഈയിടെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലമാണ് സിസ്താന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍. സിസ്താന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ എന്ന നിലയില്‍, സെപ്റ്റംബര്‍ 30ന് പ്രവിശ്യാ തലസ്ഥാനമായ സഹെദാനില്‍ സുരക്ഷാ സേന 80 പേരെ വെടിവെച്ച് കൊന്ന സംഭവത്തിന് ഉത്തരവാദി ഖിയാബാനിയായിരുന്നു.

ഇവര്‍ക്ക് പുറമെ ഇസ്ഫഹാനിലെ (Isfahan) പൊലീസ് മേധാവിയെയും ഏഴ് ദേശീയ- പ്രാദേശിക ജയില്‍ ഉദ്യോഗസ്ഥരെയും രണ്ട് ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥരെയും യു.എസ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

”ഇക്കഴിഞ്ഞ ജൂണില്‍ ഐ.ആര്‍.ജി.സിയുടെ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്റെ തലവനായത് മുതല്‍ ഇറാനിലുടനീളം സിവില്‍ സമൂഹത്തിനെതിരെ ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്ക് മുഹമ്മദ് കസെമി മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

ഐ.ആര്‍.ജി.സിയും അതിന്റെ മിലീഷ്യയും പ്രതിഷേധക്കാര്‍ക്കെതിരെ ഫോഴ്‌സ് ഉപയോഗിക്കുകയാണ്. ഇത് ഇറാനിയന്‍ ജനതയ്ക്കെതിരായ ഭരണകൂട ആക്രമണത്തിന്റെ ഭാഗമാണ്,” യു.എസ് ട്രഷറി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഹാക്കര്‍മാരെ പരിശീലിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഒരു അക്കാദമി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇറാനിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നടത്തിയിരുന്ന ഒരു കമ്പനിക്കും യു.എസ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

”ഇറാനിലെ ജനങ്ങളെ പിന്തുണക്കാനും അവിടെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും യു.എസ് പ്രതിജ്ഞാബദ്ധമാണ്,” യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Content Highlight: US Sanction Iranian officials over the crackdown on protests over the death of Mahsa Amini