ഫലസ്തീൻ അനുകൂല പ്രതിഷേധം; കൊളംബിയൻ പ്രസിഡന്റിന്റെ വിസ റദ്ദാക്കി യു.എസ്
World
ഫലസ്തീൻ അനുകൂല പ്രതിഷേധം; കൊളംബിയൻ പ്രസിഡന്റിന്റെ വിസ റദ്ദാക്കി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 4:01 pm

ന്യൂയോർക്ക്: ന്യൂയോർക്കിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. പെട്രോയുടെ പ്രകോപനകരമായ പ്രവൃത്തികൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അമേരിക്ക അറിയിച്ചു. ‘പെട്രോയുടെ വീണ്ടുവിചാരമില്ലാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രവൃത്തികൾ കാരണം ഞങ്ങൾ അദ്ദേഹത്തിന്റെ വിസ റദ്ദാക്കും,’ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.

കൊളംബിയയുടെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റും ഗസയിലെ ഇസ്രഈൽ വംശഹത്യയെ ശക്തമായി എതിർക്കുന്ന പെട്രോ ചൊവ്വാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിനെ ശക്തമായി വിമർശിച്ചിരുന്നു.

യു.എന്നിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരുടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പെട്രോ ഫലസ്തീനെ മോചിപ്പിക്കാൻ ഒരു ആഗോള സൈന്യത്തെ വേണമെന്ന് പറഞ്ഞിരുന്നു. ഈ സൈന്യം അമേരിക്കയെക്കാൾ വലുതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ട്രംപിന്റെ ആജ്ഞകൾ അനുസരിക്കരുത്. മനുഷ്യത്വത്തിന്റെ ആജ്ഞകൾ അനുസരിക്കുക. യു.എസ് സൈന്യം മനുഷ്യരാശിക്ക് നേരെ തോക്ക് ചൂണ്ടരുത്,’ പെട്രോ പറഞ്ഞു.

കരീബിയൻ കടലിലെ ബോട്ടുകൾക്കുനേരെ മയക്കുമരുന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം നടത്തിയ വ്യോമാക്രമണം സ്വേച്ഛാധിപത്യപരമാണെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പെട്രോ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊളംബിയൻ പൗരന്മാരാണെന്നും പെട്രോ പറഞ്ഞു.

ആക്രമണത്തിൽ ട്രംപ് പങ്കാളിയാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും യു.എൻ പൊതുസഭയിൽ പെട്രോ പറഞ്ഞു.

അതേസമയം പെട്രോയുടെ വിസ റദ്ദാക്കിയ യു.എസ് തീരുമാനത്തെ വിമർശിച്ച് കൊളംബിയയുടെ ആഭ്യന്തരമന്ത്രി അർമാന്റോ ബെനഡിറ്റ് രംഗത്തെത്തി. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടതെന്നും അതിനുപകരം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി സത്യം പറയുന്ന ഗുസ്താവോ പെട്രോയുടെ നേരെയാണ് ആക്രമണം അഴിച്ചുവിടുന്നതെന്നും ബെനഡിറ്റ് പറഞ്ഞു.

പെട്രോയുടെ വിസ റദ്ദാക്കിയതിന് പുറമെ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും 80 ഫലസ്തീൻ ഉദ്യോഗസ്ഥരുടെയും യു.എസ് വിസ റദ്ദാക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് യു.എൻ പൊതുസഭയിൽ പങ്കെടുക്കാനുള്ള അവസരത്തെയും നിഷേധിച്ചു.

Content Highlight: US revokes Colombian president’s visa over pro-Palestinian protests