ബൈഡന്റെ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി ജമാല്‍ ഖഷോഗ്ജി വധം; വിഷയം എം.ബി.എസിനോട് ഉന്നയിച്ചതായി യു.എസ് പ്രസിഡന്റ്
World News
ബൈഡന്റെ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി ജമാല്‍ ഖഷോഗ്ജി വധം; വിഷയം എം.ബി.എസിനോട് ഉന്നയിച്ചതായി യു.എസ് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 11:30 pm

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തില്‍ പരാമര്‍ശിക്കപ്പെട്ട് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധക്കേസ്.

നാല് ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയതായിരുന്നു ബൈഡന്‍. സൗദി രാജാവ് സല്‍മാനുമായും കിരീടാവകാശിയും മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും ബൈഡന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടെയാണ് ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം വിഷയമായത്.

ഖഷോഗ്ജി കേസ് ഉന്നയിച്ചെന്നും വിമതര്‍ക്കെതിരായി ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങള്‍ക്കെതിരെ സൗദി കിരീടാവകാശിക്ക് മുന്നറിയിപ്പ് നല്‍കിയെന്നും എം.ബി.എസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബൈഡന്‍ പ്രതികരിക്കുകയായിരുന്നു.

അതേസമയം, ഖഷോഗ്ജി വിഷയം ഉന്നയിച്ചു എന്ന ബൈഡന്റെ പ്രതികരണത്തില്‍ സൗദി സര്‍ക്കാര്‍ പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരു നേതാക്കളും വിഷയം ‘പെട്ടെന്ന് സംസാരിച്ച് തീര്‍ത്തെന്നും’, ‘സംഭവിച്ചത് ഖേദകരമാണ്, അത് ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്’, എന്ന് എം.ബി.എസ് പ്രതികരിച്ചതായും അല്‍- അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ലോകത്ത് എവിടെ വേണമെങ്കിലും നടക്കാമെന്നും എം.ബി.എസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു 2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.

ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് ഉത്തരവിട്ടതെന്ന് നേരത്തെ യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ സൗദി സര്‍ക്കാരും എം.ബി.സും ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

അതേസമയം, സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെ ജിദ്ദയില്‍ മിഡില്‍ ഈസ്റ്റ് നേതാക്കള്‍ക്കൊപ്പം ഉച്ചകോടിയിലും ബൈഡന്‍ പങ്കെടുത്തിരുന്നു.

ചൈനക്കും ഇറാനും റഷ്യക്കും വഴിയൊരുക്കിക്കൊണ്ട്, മിഡില്‍ ഈസ്റ്റില്‍ നിന്നും ഒരിക്കലും അമേരിക്ക പിന്തിരിഞ്ഞ് നടക്കില്ലെന്ന് ബൈഡന്‍ ഉച്ചകോടിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു.

ഇറാന് ആണവായുധം ലഭിക്കാതിരിക്കുന്നത് ഉറപ്പാക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും ഉച്ചകോടിയില്‍ വെച്ച് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിക്ക് പുറമെ യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളുടെയും ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെയും തലവന്മാര്‍ ജിദ്ദ സെക്യൂരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ സൗദിയിലെത്തുന്നതിന് മുമ്പായി ബൈഡന്‍ ഇസ്രഈലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചിരുന്നു.

ജൂലൈ 13 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ബൈഡന്റ സൗദി അറേബ്യ, ഇസ്രഈല്‍ സന്ദര്‍ശനം ശനിയാഴ്ച അവസാനിച്ചു. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.

Content Highlight: US president Joe Biden mentioned Jamal Khashoggi’s murder during his meeting with MBS in Saudi