മോദിയുമായുള്ളത് നല്ല ബന്ധം; യു ടേണ്‍ അടിച്ച് ട്രംപ്
World
മോദിയുമായുള്ളത് നല്ല ബന്ധം; യു ടേണ്‍ അടിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 7:29 am

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള തീരുവ യുദ്ധത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദി ഒരു മികച്ച നേതാവാണെന്നും ഇന്ത്യയുമായി യു.എസിന് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ മാത്രമാണ് എതിര്‍പ്പുള്ളതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോദി എന്നും എന്റെ സുഹൃത്താണ്. അദ്ദേഹം മികച്ചൊരു പ്രധാനമന്ത്രിയാണ്. ഞാന്‍ എന്നും അദ്ദേഹവുമായി സൗഹൃദത്തിലാവും. പക്ഷേ, ഇപ്പോള്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. എന്നാല്‍, ഇന്ത്യയുമായി യു.എസിന് ഒരു നല്ല ബന്ധമാണുള്ളത്. അതിനാല്‍ പേടിക്കാന്‍ ഒന്നുമില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്,’ ട്രംപ് പറഞ്ഞു.

ഇന്ത്യയെയും റഷ്യയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വെച്ച് നഷ്ടപ്പെട്ടു വെന്ന് പരിഹസിച്ച തന്റെ പോസ്റ്റിനെ കുറിച്ചും ട്രംപ് സംസാരിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഞാന്‍ നിരാശാനാണ്. അത് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മേല്‍ 50 ശതമാനം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദിയുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയെയും റഷ്യയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വെച്ച് നഷ്ടപ്പെട്ടുവെന്നും ഇരുവര്‍ക്കും സമൃദ്ധവും ദീഘവുമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നുമായിരുന്നു ട്രംപ് കുറിച്ചത്.

നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ചൈന സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരിഹാസം. ഇന്ത്യക്കെതിരെ യു.എസ് തീരുവയുദ്ധവും എണ്ണ ഉപരോധങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം നടന്നത്. ഷീ ജിന്‍പിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തിയ മോദി നിര്‍ണായകമായഏതാനും വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

മോദിക്കൊപ്പം സംസാരിക്കുന്നതിനായി പുടിന്‍ 10 മിനിട്ടോളം കാത്തിരുന്നെന്നും അവര്‍ തമ്മിലുള്ള സംഭാഷണം 45 മിനിട്ടോളം നീണ്ടുനിന്നെന്നുമുള്ള റഷ്യന്‍ ദേശീയ റേഡിയോ സ്റ്റേഷന്‍ വെസ്റ്റി എഫ്.എമ്മിന്റെ റിപ്പോര്‍ട്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: US President Donald Trump says Indian Prime Minister Narendra Modi will be always his friend