വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഡെമോക്രാറ്റുകളോട് ആഹ്വാനം ചെയ്ത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ നടക്കുന്നതെല്ലാം അധാര്‍മികവും നിയമലംഘനവുമാണെന്നും ഒബാമ പറഞ്ഞു.
ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.എസില്‍ ഇന്നലെ (ശനി) നടന്ന പ്രചരണ റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിനും മിക്കി ഷെറിലിനും വേണ്ടിയാണ് ഒബാമ പ്രചരണത്തിനിറങ്ങിയത്.
എന്നാല്‍ ട്രംപിനെതിരായ ഒബാമയുടെ ആഹ്വാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നിയമമില്ലായ്മക്കും അശ്രദ്ധയ്ക്കുമാണ് വൈറ്റ് ഹൗസ് ഓരോ ദിവസവും തുടക്കം കുറിക്കുന്നത്. നിയമസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബിസിനസ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ട്രംപിന് മുമ്പാകെ തലതാഴ്ത്തുന്ന കാഴ്ച അത്ഭുതപ്പെടുത്തിയെന്നും ഒബാമ പറഞ്ഞു.
യു.എസ് നയങ്ങള്‍ ഇപ്പോള്‍ ഇരുട്ടിലാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. ട്രംപിന്റെ താരിഫ് നയങ്ങളെയും യു.എസ് നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതിനെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം.
ട്രംപ് തുടര്‍ച്ചയായി നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെ ചോദ്യം ചെയ്യാത്ത യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്മാരെയും ഒബാമ വിമര്‍ശിച്ചു.
‘നമ്മള്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതാണ്. ഇങ്ങനെയെല്ലാം നടക്കുമെന്ന് ഞാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും മോശമായ അവസ്ഥയിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്,’ ഒബാമ പറഞ്ഞു.
നോര്‍ഫോക്കില്‍ നടന്ന ഡെമോക്രാറ്റിക് റാലിയില്‍ 7000ത്തിലധികം ആളുകളാണ് എത്തിയത്. ഈ റാലിയിലേക്ക് വലിയ ആരവങ്ങളോട് കൂടിയാണ് ഒബാമയെ ഡെമോക്രാറ്റിക് അനുകൂലികള്‍ വരവേറ്റതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഈ അവസരത്തില്‍ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു,’ എന്ന് ആളുകള്‍ വിളിച്ചുപറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒബാമയുടെ ഈ തിരിച്ചുവരവ് നിലവിലെ യു.എസ് രാഷ്ട്രീയത്തിന് ഇളക്കം തട്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ആറ് മാസത്തിനിടെ 25 പൊതുപരിപാടികളില്‍ ഒബാമയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.
Content Highlight: US policies have become dark under Trump administration; Obama calls for retaliation