വാഷിങ്ടണ്‍: സൗദിയില്‍വെച്ച് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ കൊലപ്പെടുത്താന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.
പിന്നീട് യു.എസിന്റെ ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇടപെട്ടാണ് ഈ ശ്രമം ഉപേക്ഷിച്ചതെന്ന് യു.എസ് സെനറ്റര്‍ ജെന്നെ ഷഹീന്‍ പറഞ്ഞതായി മിഡില് ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഷറയ്ക്ക് ഒരവസരം നല്‍കണമെന്ന് ലോകനേതാക്കള്‍ തന്നോട് പറഞ്ഞുവെന്ന ട്രംപിന്റെ വാദം ശെരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ഷറയെ വധിക്കുന്നത് സിറിയയില്‍ വലിയ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്നും അങ്ങനെ ചെയ്യുന്നത് സിറിയയെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം നശിപ്പിക്കുമെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞതായി മിഡില് ഈസ്റ്റ് ഐ റിപ്പോര്‍ട്ട ചെയ്തു. മുന്‍ അല്‍ ഖ്വയ്ദ നേതാവായ ഷറയ്‌ക്കെതിരെ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വലിയ രീതിയുള്ള വിയോജിപ്പുണ്ടായിരുന്നു.
‘സിറിയന്‍ സര്‍ക്കാരിന്റെ പുതിയ നേതാവായ അഹമ്മദ് അല്‍ ഷറയെ വധിക്കാന്‍ ഭരണകൂടം പദ്ധതിയിട്ടതായി ചില വിദേശനയ വൃത്തങ്ങളില്‍ നിന്ന് കിംവദന്തികള്‍ കേട്ടതില്‍ ഞാന്‍ ആശങ്കാകുലനാണ്,’ ഡെമോക്രാറ്റിക് സെനറ്റര്‍ ജീന്‍ ഷഹീന്‍ സെനറ്റ് ഹിയറിങ്ങില്‍ പറഞ്ഞതായി മിഡില് ഈസ്റ്റ് ഐ റിപ്പോര്‍ട്ട ചെയ്തു.
സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രംപ് പ്രഖ്യാപിച്ചത്. പല യു.എസ് ഉദ്യോഗസ്ഥരെയും സഖ്യകക്ഷികളെ അമ്പരപ്പിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റിയാദില്‍വെച്ച് ട്രംപ് ഷറയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
സൗദി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോടും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനോടും സംസാരിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ട്രംപ് അറിയിച്ചിരുന്നു.
1979 മുതല്‍ സിറിയയ്ക്കെതിരായ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കാനുള്ള ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം, റിയാദില്‍വെച്ച് വലിയ പ്രശംസ പിടിച്ചുപറ്റിയെങ്കിലും യു.എസ് സര്‍ക്കാരിനുള്ളില്‍ എതിര്‍പ്പ് സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.