അമേരിക്കയുടെ ആയുധപ്പുരകള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നു, ചൈനയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ അമേരിക്കന്‍ ജനത സുരക്ഷിതരാവില്ല: സെനറ്റര്‍ മാര്‍ക്ക് കെല്ലി
World
അമേരിക്കയുടെ ആയുധപ്പുരകള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നു, ചൈനയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ അമേരിക്കന്‍ ജനത സുരക്ഷിതരാവില്ല: സെനറ്റര്‍ മാര്‍ക്ക് കെല്ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2026, 11:15 am

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയുടെ ആയുധശേഖരത്തില്‍ ഞെട്ടിപ്പിക്കുന്ന കുറവുണ്ടായതായി ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് കെല്ലി.

നിര്‍ണായകമായ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ചെലവഴിച്ചത് മറ്റ് ആഗോള സംഘര്‍ഷങ്ങളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസിന്റെ ‘ഫേസ് ദി നേഷന്‍’ പരിപാടിയില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പെന്റഗണ്‍ നല്‍കിയ ബ്രീഫിംഗുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കയുടെ ആയുധപ്പുരകള്‍ എത്രത്തോളം ശൂന്യമായെന്ന് കെല്ലി വിശദീകരിച്ചത്. ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍, എ.ടി.എ.സി.എം.എസ്, എസ്.എം-3 ഇന്റര്‍സെപ്റ്ററുകള്‍, ടി.എച്ച്.എ.എ.ഡി, പേട്രിയറ്റ് റൗണ്ടുകള്‍ എന്നിവയുടെ ശേഖരത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ഇറാനെതിരായ നീക്കങ്ങളില്‍ പേട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകളുടെ പകുതിയോളം ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായാണ് പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.

‘ഇറാനുമായുള്ള യുദ്ധം നമ്മുടെ ആയുധശേഖരത്തിന്റെ ആഴങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കൃത്യമായ, തന്ത്രപരമായ ലക്ഷ്യമോ പദ്ധതിയോ ഇല്ലാതെ പ്രസിഡന്റ് രാജ്യത്തെ ഈ യുദ്ധത്തിലേക്ക് തള്ളിവിട്ടു,’ കെല്ലി പറഞ്ഞു.

പടിഞ്ഞാറന്‍ പസഫിക്കില്‍ തായ്വാനെ പ്രതിരോധിക്കുന്നതുള്‍പ്പെടെ ചൈനയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ അമേരിക്കന്‍ ജനത സുരക്ഷിതരല്ലെന്നും കെല്ലി മുന്നറിയിപ്പ് നല്‍കി.

ചില യുദ്ധോപകരണങ്ങള്‍ വീണ്ടും നിര്‍മിച്ച് ശേഖരിക്കാന്‍ വര്‍ഷങ്ങളെടുക്കും. ഭാവിയിലെ യുദ്ധങ്ങള്‍ ദിവസങ്ങള്‍ക്ക് പകരം മാസങ്ങള്‍ നീണ്ടുനിന്നാല്‍ അമേരിക്കയുടെ തയ്യാറെടുപ്പുകള്‍ പാളുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ യുദ്ധത്തിനായി കുറഞ്ഞത് 50 ബില്യണ്‍ ഡോളര്‍ ഇതിനകം ചെലവായതായാണ് കണക്കുകള്‍. ഭരണകൂടത്തിന്റെ 1.5 ട്രില്യണ്‍ ഡോളറിന്റെ പ്രതിരോധ ബജറ്റിനെ ‘അതിക്രമം’ എന്നാണ് കെല്ലി വിശേഷിപ്പിച്ചത്.

പ്രത്യേകിച്ച് ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ പദ്ധതിയുടെ സാങ്കേതികക്ഷമതയെയും അദ്ദേഹം ചോദ്യം ചെയ്തു. വലിയ തുക ചെലവാക്കിയാലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ പ്രതിസന്ധിക്ക് കാരണം ഡൊണാള്‍ഡ് ട്രംപ് ജെ.സി.പി.ഒ.എ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതാണെന്നും, ഇറാനുമായുള്ള യുദ്ധം അനിവാര്യമായ ഒന്നായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുധശേഖരത്തിലെ ഈ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ആഗോളതലത്തില്‍ അമേരിക്കയുടെ സൈനിക മേധാവിത്വം ചോദ്യം ചെയ്യപ്പെടുമെന്നും കെല്ലി മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ലക്ഷ്യമിടുകയും ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖാംനഇയെ യു.എസ് കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് യു.എസ് യുദ്ധത്തിലേക്ക് ഇറങ്ങുന്നത്.

‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4’ എന്ന പേരില്‍ ഇറാന്‍ യു.എസിനും ഇസ്രഈലിനുമെതിരെ കനത്ത തിരിച്ചടി നല്‍കിയതോടെ സംഘര്‍ഷം കടുത്തു.

ഏപ്രില്‍ ആദ്യവാരം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒരു വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, ഇറാനിയന്‍ തുറമുഖങ്ങളില്‍ യു.എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുകയാണ്. ഹോര്‍മുസ് അടച്ചിട്ടുകൊണ്ടുള്ള നടപടിയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇറാനും.

Content Highlight: US munitions ‘shockingly’ depleted by Iran war, US Senator warns