അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് യു.എസ് ഉക്രൈനുള്ള ആയുധസഹായം വെട്ടിക്കുറച്ചത്. മിസൈലുകള്‍, ആര്‍ട്ടില്ലെറി ഷെല്ലുകള്‍, എയര്‍ ഡിഫന്‍സ് അമ്മ്യൂണിഷന്‍ എന്നിങ്ങനെയുള്ള ആയുധങ്ങളാണ് അമേരിക്ക വെട്ടിക്കുറച്ചത്. എന്നാല്‍ ഏതൊക്കെ ആയുധങ്ങളാണ് യു.എസ് വെട്ടിക്കുറച്ചത് എന്ന കാര്യത്തില്‍ ഇതുവരെ പൂര്‍ണമായും വ്യക്തത വന്നിട്ടില്ല.
യു.എസ് ഇനി മുതല്‍ തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് ഉക്രൈനിയന്‍ പാര്‍ലമെന്റംഗമായ മരിയാന ബെസുഗ്ലായയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉക്രൈനിയന്‍ നഗരങ്ങളായ നെപ്ര്‍, സുമി എന്നീ നഗരങ്ങളിലേക്ക് കടന്നുവരാന്‍ റഷ്യയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഉക്രൈനോടുള്ള അമേരിക്കയുടെ ഈ നടപടിയെന്നും മരിയാന ആരോപിച്ചു.
മരിയാനക്ക് പുറമെ മറ്റൊരു ഉക്രൈന്‍ എം.പിയായ സൊലോമിയ ബോബ്രോവ്‌സകയയും സമാനമായ പ്രതികരണം നടത്തിയിട്ടുണ്ട്. ഉക്രൈന്‍ ഇനി യു.എസിന്റെ പ്രയോരിറ്റിയല്ലായെന്നും യു.എസിന്റെ വിദേശനയത്തിന്റെ കേന്ദ്രവുമല്ലെന്നുമാണ് സൊലോമിയ പ്രതികരിച്ചത്.
ഇന്റലിജന്‍സ് പാര്‍ലമെന്ററി കമ്മിറ്റി അംഗവും കൂടിയാണ് സൊലോമിയ.
ട്രംപ് രണ്ടാം തവണ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഉക്രൈനുള്ള ആയുധസഹായം യു.എസ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും ഇത് പുനസ്ഥാപിക്കുകയായിരുന്നു.
യു.എസില്‍ നിന്നുള്ള പിന്തുണ കുറയുന്നതില്‍ ഉക്രൈന്‍ പലതവണ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ കൂടുതല്‍ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കൃതമായ ഉറപ്പുകളൊന്നും ട്രംപിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ല. ഇവ ലഭിക്കാന്‍ വളരെ പ്രയാസമാണെന്നും യു.എസിന് സ്വയം പ്രതിരോധത്തിനും ഇസ്രഈലിനും ഇവ ആവശ്യമാണെന്നാണ് ട്രംപ് മറുപടി നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഉക്രൈനിലേക്കുള്ള ചില ആയുധങ്ങളുടെ കയറ്റുമതി മരവിപ്പിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. യു.എസിന്റെ സ്റ്റോക്കുകള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
Content Highlight: US is no longer Ukraine’s ally; Ukrainian MPs criticize restrictions on arms exports