വെനസ്വേലയിലെ അമേരിക്കന്‍ കടന്നുകയറ്റം ഭീകരപ്രവര്‍ത്തനം: മുഖ്യമന്ത്രി
Kerala
വെനസ്വേലയിലെ അമേരിക്കന്‍ കടന്നുകയറ്റം ഭീകരപ്രവര്‍ത്തനം: മുഖ്യമന്ത്രി
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 6:47 pm

തിരുവനന്തപുരം: വെനസ്വേലയിലെ യു.എസ് കടന്നുകയറ്റത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയില്‍ അമേരിക്ക നടത്തിയത് നഗ്‌നമായ സാമ്രാജ്യത്വ ആക്രമണമാണെന്നും രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ യു.എസ് ബോംബാക്രമണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കേരള ഘടകമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്.

സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെക്കന്‍ അര്‍ധഗോളത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ‘തെമ്മാടി രാഷ്ട്രമായി’ അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവര്‍ത്തനമാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച നാടാണ് ലാറ്റിന്‍ അമേരിക്കയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ലാറ്റിന്‍ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തെ തകര്‍ക്കുന്ന ഇത്തരം സാമ്രാജ്യത്വ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്നും വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്ക് ശേഷമാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് കീഴ്‌പ്പെടുത്തുന്നത്. നിലവില്‍ യു.എസ് സേന അറസ്റ്റ് ചെയ്ത മഡുറോ ന്യൂയോര്‍ക്കില്‍ തടവിലാണെന്നാണ് വിവരം. മഡുറോയെയും പങ്കാളി സീലിയ ഫ്‌ലോറന്‍സിനെയും ന്യൂയോര്‍ക്കിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാര്‍ക്കോ-ടെററിസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഡുറോയെ യു.എസ് അറസ്റ്റ് ചെയ്തതോടെ വെനസ്വേലന്‍ സുപ്രീം കോടതി വൈസ് പ്രസിഡന്റായ ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു. നേരത്തെ മഡുറോയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍സി രംഗത്തെത്തിയിരുന്നു.

വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉടന്‍ യോഗം ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എസിന്റെ നടപടികള്‍ വലിയ അപകടമുണ്ടാക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: US invasion of Venezuela an act of terrorism: Chief Minister

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.