വാഷിങ്ടണ്‍: ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിന്റെ കഥ പറഞ്ഞ നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച മയാമിയിലെ തിയേറ്ററിനെതിരെ പ്രതികാര നടപടിയുമായി യു.എസ് മേയര്‍. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിന്റെ കരാര്‍ റദ്ദാക്കാനും ഫണ്ട് നിര്‍ത്തലാക്കാനും മയാമി ബീച്ച് മേയര്‍ സ്റ്റീഫന്‍ മെയ്‌നര്‍ ഉത്തരവിട്ടു. മേയറുടെ എതിര്‍പ്പ് വകവെക്കാതെ തിയേറ്ററില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
സ്വതന്ത്ര സിനിമ തിയേറ്ററായ ഒ-സിനിമയാണ് മേയറുടെ നടപടിക്ക് വിധേയമായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ ചിത്രം പ്രദര്‍ശിപ്പിക്കെരുതെന്ന് കാണിച്ച് മേയര്‍ തിയേറ്റര്‍ സി.ഇ.ഒ വിവിയന്‍ മാര്‍ത്തേലിന് കത്തയച്ചിരുന്നു. എന്നാല്‍ ആദ്യം മേയറുടെ ആവശ്യം അംഗീകരിച്ച മാര്‍ത്തേല്‍ പിന്നീട് തീരുമാനം മാറ്റുകയും ഷെഡ്യൂള്‍ ചെയ്ത പോലെ ചിത്രം പ്രദര്‍ശനം തുടരുമെന്ന് അറിയിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച മേയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍, ഈ സിനിമ ജൂത ജനതയ്ക്കെതിരെ വ്യാജമായതും ഏകപക്ഷീയമായ ആക്രമണമാണ് നടത്തുന്നതെന്നും അത് നമ്മുടെ നഗരത്തിന്റെയും താമസക്കാരുടെയും മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ആരോപിക്കുകയുണ്ടായി.
ഫലസ്തീനി-ഇസ്രഈലി ഡോക്യുമെന്ററി നോ അദര്‍ ലാന്‍ഡിനെതിരെ വംശീയവാദികളും മുമ്പ് പ്രതിഷേധവുമായി എത്തിയിരുന്നു. ലോസ് ആഞ്ചലസില്‍വെച്ച് നടന്ന 97ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ നോ അദര്‍ ലാന്‍ഡിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
2019നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട. ഇസ്രഈലിയായ യുവാല്‍ എബ്രഹാമുമായുള്ള ബാസല്‍ അദ്രയുടെ സൗഹൃദവും ചിത്രത്തിന്റെ ഇതിവൃത്തമാണ്.
Content Highlight: US governor cancels contract with theater that screened No Other Land, documentary about the Israeli occupation