ഹാര്‍വാര്‍ഡിനുള്ള ധനസഹായത്തില്‍ നിന്ന് 60 മില്യണ്‍ ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
World News
ഹാര്‍വാര്‍ഡിനുള്ള ധനസഹായത്തില്‍ നിന്ന് 60 മില്യണ്‍ ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 9:37 pm

ന്യൂയോര്‍ക്ക്: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കുന്ന ധനസഹായത്തില്‍ നിന്ന് 60 മില്യണ്‍ ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കാന്‍ യു.എസ് ഭരണകൂടം. 60 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകള്‍ നിര്‍ത്തലാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്.എസ്.എസ്) അറിയിച്ചു.

ജൂതവിരുദ്ധതയെ പ്രതിരോധിക്കുന്നതില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല തുടര്‍ച്ചയായി പരാജയപ്പെടുകയാണെന് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്യാമ്പസിനുള്ളില്‍ വിവേചനം വെച്ചുപൊറുപ്പിക്കില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുപോലെ പരിഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കണം ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗപ്രദമാകേണ്ടതെന്നും എച്ച്.എസ്.എസ് എക്സില്‍ കുറിച്ചു.

നിലവില്‍ ഹാര്‍വാര്‍ഡിനായുള്ള ധനസഹായത്തില്‍ നിന്ന് മൂന്ന് ബില്യണോളം വരുന്ന ഗ്രാന്റുകള്‍ യു.എസ് വെട്ടിക്കുറച്ചിട്ടുണ്ട്. ആരോഗ്യ ഗവേഷണത്തിനായി നല്‍കിവരുന്ന ധനസഹായം ഉള്‍പ്പെടെയാണ് വെട്ടിക്കുറച്ചത്.

നേരത്തെ ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ ട്രംപിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്തിരുന്നു.

തുടര്‍ന്ന് സര്‍വകലാശാല മാപ്പ് പറഞ്ഞില്ലെങ്കില്‍ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ക്യമ്പസില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായിക്കൊണ്ടായിരുന്നു ട്രംപിന്റെ നടപടികള്‍.

ജൂതവിരുദ്ധതയ്ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ പട്ടിക ഹാര്‍വാര്‍ഡ് സര്‍വകലാശാല തള്ളിയതോടെയാണ് ട്രംപ് പ്രകോപിതനായത്.

ക്യാമ്പസിനുള്ളില്‍ പ്രതിഷേധക്കാര്‍ ധരിക്കുന്ന മുഖംമൂടികള്‍ നിരോധിക്കണമെന്നും സര്‍വകലാശാലാ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു ട്രംപ് സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളേയോ ക്ലബ്ബുകളേയോ അംഗീകരിക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ധനസഹായം നല്‍കരുതെന്നും ഭീകരതയെയോ ജൂത വിരുദ്ധതയെയോ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയാന്‍ പ്രവേശന പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം സര്‍വകലാശാല തള്ളുകയായിരുന്നു.

അതേസമയം സര്‍വകലാശാലകളെയും നിരവധി ചാരിറ്റി ഗ്രൂപ്പുകളെയും മത ഗ്രൂപ്പുകളെയും ഫെഡറല്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് യു.എസ് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഇവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറുകയോ ചെയ്താല്‍ ഈ നികുതിയില്ലാ പദവി നീക്കം ചെയ്യാന്‍ കഴിയും. ഇളവ് നഷ്ടപ്പെടുന്നതോടെ ഹാര്‍വാര്‍ഡിന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവാകും.

Content Highlight: US cuts another $60m in grants to Harvard University