വാഷിങ്ടണ്‍: വെനസ്വേലൻ മഡുറോ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടര്‍ന്ന് യു.എസ്. മഡുറോയെ അറസ്റ്റ് ചെയ്യുന്നതിനായി ഉതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം യു.എസ് വര്‍ധിപ്പിച്ചു.
25 മില്യണ്‍ ഡോളറാണ് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് യു.എസ് പാരിതോഷികം പ്രഖ്യാപിച്ചത്. നേരത്തെ മഡുറോയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 15 മില്യണ്‍ ഡോളര്‍ പാരിതോഷികമാണ് യു.എസ് പ്രഖ്യാപിച്ചിരുന്നത്.
നിലവില്‍ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും യു.എസ് 15 മില്യണ്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഇതിനുപുറമെ വെനസ്വേലക്കെതിരെ ഒന്നിലധികം ഉപരോധങ്ങളും യു.എസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2024 ഓഗസ്റ്റില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 51.2% വോട്ടുകള്‍ നേടിയാണ്ഇടതുപക്ഷ നേതാവായ മഡുറോ മൂന്നാമതും അധികാരത്തില്‍ എത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള എഡ്മുണ്ടോ ഗോണ്‍സാലസ് 44.2% വോട്ടുകളും നേടിയിരുന്നു.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച മഡുറോയെ യു.എസ് തള്ളുകയായിരുന്നു. തുടര്‍ന്ന് വെനസ്വേലയുടെ ‘തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി’ എഡ്മഡ് ഗോണ്‍സാലസിനെ യു.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഷാല്‍വേഴ്സിന്റെ കാലഘട്ടം മുതല്‍ക്കേ അമേരിക്ക വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പ് തന്റെ രാഷ്ട്രീയ അധികാരം എതിരാളിക്ക് കൈമാറിയാല്‍ മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്നും യു.എസ് പറഞ്ഞിരുന്നു.
നിലവില്‍ മഡുറോയ്ക്കെതിരെ നാര്‍ക്കോ-ടെററിസം കേസുകള്‍ ഉള്‍പ്പടെ യു.എസില്‍ നിലവിലുണ്ട്. 2020ല്‍ 12ലധികം കേസുകളിലാണ് യു.എസ് നീതിന്യായ വകുപ്പ് മഡുറോയ്ക്കെതിരെ കുറ്റപത്രം ചുമത്തിയിരിക്കുന്നത്.
മഡുറോയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും യു.എസ് ശ്രമം നടത്തിയിരുന്നു. 2019ല്‍ വെനസ്വേലയിലെ താത്കാലിക പ്രസിഡന്റായി ജുവാന്‍ ഗ്വാഡിയോയെ യു.എസ് നിയമിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ വെനസ്വേലയുടെ എണ്ണ വ്യവസായത്തിന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ബൈഡന്‍ ഭരണകൂടം ഇത് എടുത്ത് മാറ്റുകയും 2024ല്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
യൂറോപ്യന്‍ യൂണിയനും ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളും വെനസ്വേലക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ നിയമജ്ഞര്‍, സൈനികര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് ബ്രിട്ടന്റെ ഉപരോധം.
Content Highlight: US announced 215 crore reward for information about Maduro’s arrest