തന്റെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമാപ്രേമികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉർവശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് അവർ. ബാലതാരമായി സിനിമയിലേക്കെത്തിയ ഉർവശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സൂപ്പർസ്റ്റാർ വിജയ് യെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. വിജയിയെ ആദ്യമായി കണ്ടപ്പോൾ അത്രയും ചെറിയ മുഖമുള്ള പയ്യൻ സിനിമയിൽ വന്നാൽ എന്ത് ചെയ്യുമെന്ന് തോന്നിയെന്നും എന്നാൽ ഇന്ന് വലിയ താരമായി മാറിയെന്നും ഉർവശി പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
‘വിജയ്യെ ആദ്യമായി കണ്ടപ്പോൾ ദൈവമേ, ഈ പയ്യൻ സിനിമയിൽ വന്നാൽ എന്ത് ചെയ്യുമെന്ന് തോന്നി. കാരണം ഒരു പാക്കിന്റെ അത്രയുമുള്ള ചെറിയൊരു മുഖം ആയിരുന്നു വിജയ്ക്ക്. ഞാൻ തോവാല പൂക്കൾ എന്ന സിനിമയുടെ ഷൂട്ടിനായി മുകളിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി വന്നു.
അപ്പോൾ എന്നോ ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് ‘മാഡം, നിങ്ങളെ എസ്.എ ചന്ദ്ര ശേഖർ സാർ കാണണമെന്ന് പറഞ്ഞിട്ടുണ്ട്, ഒന്ന് മുകളിലേക്ക് വരാമോ’ എന്ന് ചോദിച്ചു. ഞാൻ നേരെ അങ്ങോട്ട് പോയി. അവിടെ ശോഭ മാഡവും ഉണ്ട്. രണ്ടാളുടെയും നടുക്ക് വിജയ് ഇരിക്കുകയാണ്. ‘ഇതാണ് നമ്മുടെ ആള്. സിനിമയിൽ അഭിനയിക്കാനൊക്കെ വലിയ ആഗ്രഹമാണ്’ എന്ന് പറഞ്ഞ് ചന്ദ്ര ശേഖർ സാർ വിജയ്യെ എനിക്ക് പരിചയപ്പെടുത്തി തന്നു.
ഞാൻ നോക്കുമ്പോൾ കൊച്ചു മുഖമുള്ളൊരു പയ്യൻ. തലയുടെ അവിടെയുമെല്ലാം വല്ലാത്തൊരു ഷെയ്പ്പ് ആയിരുന്നു. പക്ഷെ അദ്ദേഹം എത്ര വലിയ താരമായെന്ന് നോക്കൂ. തമിഴ് സിനിമയെ തന്നെ ഭരിക്കാൻ കഴിയുന്ന ആളായി. അസാധ്യമായ ഒരു വളർച്ചയായിരുന്നു അദ്ദേഹത്തിന്റേത്,’ ഉർവശി പറയുന്നു.