അന്ന് വിജയ്‌യെ കണ്ടപ്പോള്‍ ഈ പയ്യന്‍ സിനിമയില്‍ വന്നാല്‍ എന്തുചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചു: ഉര്‍വശി
Entertainment
അന്ന് വിജയ്‌യെ കണ്ടപ്പോള്‍ ഈ പയ്യന്‍ സിനിമയില്‍ വന്നാല്‍ എന്തുചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 1:48 pm

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്‍ വിജയ്‌യെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് ഉര്‍വശി. വിജയ്‌യെ ആദ്യമായി കണ്ടപ്പോള്‍ ‘ദൈവമേ ഈ പയ്യന്‍ സിനിമയില്‍ വന്നാല്‍ എന്തുചെയ്യും’ എന്നായിരുന്നു താന്‍ കരുതിയത് എന്നാണ് നടി പറയുന്നത്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഞാന്‍ വിജയ്‌യെ ആദ്യമായി കണ്ടപ്പോള്‍ ഓര്‍ത്ത ഒരു കാര്യമുണ്ട്. ദൈവമേ ഈ പയ്യന്‍ സിനിമയില്‍ വന്നാല്‍ എന്തുചെയ്യും എന്നായിരുന്നു കരുതിയത്. കാരണം ഒരു പാക്കിന്റെ അത്രയുമുള്ള ചെറിയ മുഖമാണ് അവന്റേത്. വളരെ ചെറിയ മുഖമാണ്.

അവനെ ആദ്യമായി കണ്ട ദിവസം എനിക്ക് ഇന്നും ഓര്‍മയുണ്ട്. തോവാളപ്പൂക്കള്‍ എന്ന പടത്തില്‍ അഭിനയിക്കുന്ന സമയത്ത് ഹോട്ടലിലെ മുകളിലെ ഫ്‌ളോറില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു ഞാന്‍. ലിഫ്റ്റിന്റെ അടുത്തെത്തിയതും അസിസ്റ്റന്റ് ഡയറക്ടര്‍ എന്റെ അടുത്തേക്ക് വന്നു.

‘എസ്.എ. ചന്ദ്രശേഖര്‍ സാര്‍ നിങ്ങളെ കാണണമെന്ന് പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കാനാണ്. മുറിയിലേക്ക് വരട്ടെ’യെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍ എന്റെ മുറി പൂട്ടിയിരുന്നു. എനിക്ക് ഇനി തിരിച്ചു കയറാന്‍ മടിയായിരുന്നു.

ചന്ദ്രശേഖര്‍ സാര്‍ തൊട്ടുതാഴെയുള്ള ഫ്‌ളോറിലായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ നേരെ അങ്ങോട്ട് ചെന്നു. ശോഭ മാഡവും കൂടെ ഉണ്ടായിരുന്നു. അവരുടെ കൂടെ വിജയ്‌യും ഇരിപ്പുണ്ടായിരുന്നു. ‘ഇതാണ് എന്റെ മകന്‍. അവന് നായകനായി അഭിനയിക്കാന്‍ താത്പര്യമുണ്ട്’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

ആ സിനിമയില്‍ വിജയ്‌യും ഉണ്ടായിരുന്നു. ഏതാണ് ആ സിനിമയെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ നോക്കുമ്പോള്‍ ചെറിയ മുഖമുള്ള ഒരു പയ്യനാണ്. പക്ഷെ പിന്നീട് വിജയ് വലിയ സ്റ്റാര്‍ഡമുള്ള നടനായപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു. അസാധ്യമായ ഒരു ഡെവലെപ്‌മെന്റായിരുന്നു അവന്റേത്. അങ്ങനെ ചില ആളുകളുമുണ്ട്,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Vijay