എട്ട് വര്‍ഷം മുമ്പ് 25 ലക്ഷം രൂപ അവാര്‍ഡ് കിട്ടിയ സ്‌ക്രിപ്റ്റുമായാണ് അദ്ദേഹം എന്റെയടുത്തേക്ക് വന്നത്: ഉര്‍വശി
Entertainment
എട്ട് വര്‍ഷം മുമ്പ് 25 ലക്ഷം രൂപ അവാര്‍ഡ് കിട്ടിയ സ്‌ക്രിപ്റ്റുമായാണ് അദ്ദേഹം എന്റെയടുത്തേക്ക് വന്നത്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 4:59 pm

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി 2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ആറാം തവണയും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

പാര്‍വതിയും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. മലയാളത്തിന് പുറത്തും ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്.

ഇപ്പോള്‍ ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഒരു ക്യാമറ മാന്‍ സിനിമ കണ്ട് കരഞ്ഞുകൊണ്ടാണ് തിയേറ്ററില്‍ നിന്നിറങ്ങിയതെന്നും എന്തിനാണ് തന്നെ ഇങ്ങനെ കരയിപ്പിച്ചതെന്ന് ചോദിച്ചുവെന്നും ഉര്‍വശി പറയുന്നു. അത്രയും സിനിമ കണ്ട് പരിചയമുള്ള ആള്‍ക്ക് പോലും സിനിമ കണ്ട് കരച്ചില്‍ വന്നുവെന്നും സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയെ സമ്മതിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷം മുമ്പ് 25 ലക്ഷം രൂപ അവാര്‍ഡ് കിട്ടിയ സ്‌ക്രിപ്റ്റാണ് ഉള്ളൊഴുക്കിന്റേതെന്നും അതുമായി ഇത്രയും കാലം അദ്ദേഹം കാത്തിരുന്നുവെന്നും ക്രിസ്റ്റോയുടെ ക്ഷമ സമ്മതിക്കണമെന്നും ഉര്‍വശി പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ആ സിനിമ കണ്ട് പുറത്തിറങ്ങിയ ഒരു ക്യാമറാമാന്‍ കരയുകയായിരുന്നു. അത്രയും ആര്‍ട്ടിസ്റ്റിനെ കണ്ട് സിനിമ അറിയാവുന്ന ഒരാള്‍ ‘ ചേച്ചി എന്തിനാണ് എന്നെ ഇങ്ങനെ കരയിപ്പിച്ചത്, ഞാന്‍ തീയേറ്ററിന്റെ പുറത്ത് നില്‍ക്കുകയാണ്, എല്ലാവരും എന്നെ നോക്കുന്നുണ്ട്. എന്നാലും കരഞ്ഞില്ലെങ്കില്‍ എനിക്ക് ശരിയാവില്ല’ എന്ന് പറഞ്ഞു. അതിനൊക്കെ ക്രിസ്‌റ്റോയെ സമ്മതിക്കണം കേട്ടോ അയാളുടെ ക്ഷമയും.

ഒരു കാര്യം കൂടെയുണ്ട്. ആ സ്‌ക്രിപ്റ്റിന് അയാള്‍ക്ക് എട്ടു വര്‍ഷത്തിന് മുമ്പ്, അതായത് ഈ പടം ചെയ്യുന്നതിന് മുമ്പ് 25 ലക്ഷം രൂപ അവാര്‍ഡ് കിട്ടിയതാണ്. എന്നിട്ടും എട്ടുവര്‍ഷം കാത്തിരുന്നു ആ സിനിമ ചെയ്യാന്‍. ആ ഡയറക്ടറുടെ ക്ഷമ ഒന്ന് ആലോചിച്ചു നോക്കൂ,’ ഉര്‍വശി പറയുന്നു.

Content highlight: Urvashi talks about  Ullozhukku movie and director Christo Tomy.