മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആറ് തവണ സ്വന്തമാക്കിയ ഉർവശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. സ്ഥിരമായി ഒരേ രീതിയിലുള്ള വേഷങ്ങൾ ചെയ്ത നടന്മാരെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങിയെന്നും ഇന്ദ്രൻസും ജഗദീഷും അതിന് ഉദാഹരണങ്ങളാണെന്നും ഉർവശി പറയുന്നു.
ഇന്നത്തെ സംവിധായകർ വളരെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണെന്നും കഴിഞ്ഞ വർഷം തമിഴ് നാട്ടിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് മലയാളം സിനിമകളാണെന്നും ഉർവശി പറഞ്ഞു. തമിഴ് നാട്ടിൽ ഏതെങ്കിലും സിനിമയുടെ ഓഡിയോ ലോഞ്ചിനോ മറ്റോ പോയാൽ അവിടെയുള്ള സംവിധായകരെല്ലാം സംസാരിക്കുന്നത് മലയാളം സിനിമകളെ കുറിച്ചാണെന്നും നടി കൂട്ടിച്ചേർത്തു. മീഡിയ വണ്ണിന്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
‘സ്ഥിരമായി ഒരേ രീതിയിലുള്ള വേഷങ്ങൾ ചെയ്ത നടന്മാരെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങി. ഇന്ദ്രൻസ് ഏട്ടൻ ആയാലും ജഗദീഷ് ഏട്ടൻ ആയാലും എത്രമാത്രം വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. അങ്ങനെ എത്രയെത്ര ആളുകൾ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്നത്തെ സംവിധായകർ വളരെ ഡിഫറൻ്റ് ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷം തമിഴ് നാട്ടിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് മലയാളം സിനിമകളാണ്. ഞാൻ തമിഴ് സിനിമകളുടെ ഓഡിയോ ലോഞ്ചിനെല്ലാം പോയാൽ അവർ സംസരിക്കുന്നത് മലയാളം സിനിമകളെ കുറിച്ചാണ്. അതൊക്കെ വളരെ സന്തോഷമുള്ള കാര്യങ്ങളാണ്,’ ഉർവശി പറയുന്നു.