സൂരരൈ പോട്രുവിലെ ആ സീന് ഷൂട്ട് ചെയ്തത് മൂക്കാല്‍ മണിക്കൂറില്‍: ഉര്‍വശി
Entertainment
സൂരരൈ പോട്രുവിലെ ആ സീന് ഷൂട്ട് ചെയ്തത് മൂക്കാല്‍ മണിക്കൂറില്‍: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 11:18 am

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.

സുധ കൊങ്കാരയുടെ സംവിധാനത്തില്‍ 2020 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സൂരരൈ പോട്രു.’ സൂര്യ നായകനായെത്തിയ ചിത്രത്തില്‍ സൂര്യയുടെ അമ്മയായി അഭിനയിച്ചത് ഉര്‍വശിയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന ഭാഗമായ ഫോണ്‍ കോള്‍ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

സിനിമയില്‍ ഏറെ പ്രധാനപ്പെട്ട ഭാഗമായ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് സൂര്യയോട് താന്‍ സംസാരിക്കുന്ന രംഗം ഒരു മണിക്കൂറിലാണ് ഷൂട്ട് ചെയ്തതെന്ന് ഉര്‍വശി പറയുന്നു. താന്‍ ഹൈദരബാദില്‍ ഷൂട്ട് കഴിഞ്ഞ് വരാന്‍ താമസിച്ചതിനാല്‍ മറ്റ് സീനുകളെല്ലാം എടുത്തിട്ട് തന്റെ പോര്‍ഷന്‍ മാത്രം സംവിധായിക മാറ്റി വെയ്ക്കുകയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. സിനിമയില്‍ പെണ്ണുകാണാന്‍ വരുന്ന സീന്‍ മറ്റ് ഭാഗങ്ങള്‍ എല്ലാം എടുത്തതിന് ശേഷം തന്റേ പോര്‍ഷന്‍ മാത്രം എടുത്ത് അതിലേക്ക് ഉള്‍ക്കൊള്ളിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘സുരറൈ പോട്രില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഫോണില്‍ സംസാരിക്കുന്നതൊക്കെ മുക്കാല്‍ മണിക്കൂറിലാണ് എടുത്തത്. ഞാന്‍ ഹൈദരാബാദില്‍ ഒരു ഷൂട്ട് കഴിഞ്ഞ് വരാന്‍ താമസിച്ചു. അപ്പോള്‍ മധുരയിലുള്ള എല്ലാ സീനുകളും അവിടവിടെ എടുത്തിട്ട് എന്റെ പോര്‍ഷന്‍ മാത്രം മാറ്റി വെച്ചു സുധ. അങ്ങനെയാണ് എടുത്തത് അത്. പെണ്ണുകാണാന് വരുന്ന സീനൊക്കെ അവരുടേതൊക്കെ എടുത്തു കഴിഞ്ഞിട്ട് എന്റേത് മാത്രം കൊണ്ട് വന്ന് അതിലേക്ക് ഉള്‍പ്പെടുത്തിയതാണ്. അങ്ങനെ കുറെ അഡ്ജസ്റ്റ്‌മെന്റ് ചെയ്തു.

ഫോണ്‍ കോള്‍ സീനിലേക്ക് വരുമ്പോള്‍ നാട്ടിന്‍പുറത്തെ ആ ടെലിഫോണ്‍ ബൂത്തും ഒരു അന്തരീക്ഷവും ഷൂട്ട് ചെയ്യാന്‍ ആകെ കിട്ടിയത് ഒരു മണിക്കൂറാണ്. ഈ ഒരു മണിക്കൂറിലകം എടുക്കാന്‍ വേണ്ടി രാവിലെ വരുന്നു. ആ ഓരോ സീനിന്റെയും ഇന്‍ബിറ്റ് വീന്‍ ഉള്ളത് ഇതാണന്നെ് പറയുന്നു. ക്യാമറ ചെയ്ത് തുടങ്ങുന്നു, അവിടെ അത് ടേയ്ക്കാണ്. അങ്ങനെ എടുത്തതാണ് ആ സ്വീക്കന്‍സൊക്കെ,’ ഉര്‍വശി പറയുന്നു.

മികച്ച നടന്‍, മികച്ച നടി, മികച്ച തിരക്കഥ എന്നിങ്ങനെ ആ വര്‍ഷത്തെ നിരവധി ദേശീയ അവാര്‍ഡുകള്‍ സൂരരൈ പോട്രു സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ലോ-കോസ്റ്റ് എയര്‍ലൈന്‍ സിംപ്ലിഫ്‌ലൈ ഡെക്കാന്റെ സ്ഥാപകനായ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസയും നേടി.

Content Highlight: Urvashi talks about the call scene  in Soorarai Pottru