മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നടി രജിനികാന്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ അതിനുള്ള കാരണം പറയുകയാണ് ഉര്‍വശി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘രജിനി സാറിന്റെ കൂടെ അഭിനയിക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. തമിഴ് ഓഡിയന്‍സ് എന്നെ എവിടെ കണ്ടാലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘കമല്‍ സാറിന്റെ കൂടെ സിനിമ ചെയ്യുമ്പോഴും എന്തുകൊണ്ട് നിങ്ങള്‍ രജിനി സാറിന്റെ കൂടെ ചെയ്യുന്നില്ല. എന്താണ് ഞങ്ങളുടെ തലൈവറുടെ കൂടെ അഭിനയിക്കാത്തത്’ എന്നതാണ് ആ ചോദ്യം.
എനിക്ക് ആദ്യമായി വന്നത് രജിനി സാറിന്റെ മകളായിട്ടായിരുന്നു. നല്ലവനുക്ക് നല്ലവന്‍ എന്ന സിനിമയില്‍ ആയിരുന്നു ആ വേഷം ലഭിച്ചത്. പിന്നീട് എനിക്ക് പകരം ശങ്കരാഭരണം തുളസിയാണ് ആ റോള്‍ ചെയ്തത്. മുന്താനൈ മുടിച്ച് എന്ന സിനിമ ചെയ്യുമ്പോഴാണ് അതിലേക്ക് എന്നെ വിളിച്ചത്.
അന്ന് പി.ആര്‍.ഒ ആയ ആളുകളും മറ്റുള്ളവരും എന്നോട് പറഞ്ഞത് ഒരു കാര്യം മാത്രമായിരുന്നു. ‘മകളായി അഭിനയിച്ചാല്‍ പിന്നെ രജിനി സാറിന്റെ ജോഡിയായി അഭിനയിക്കാന്‍ പറ്റില്ല’ എന്നതായിരുന്നു അത്. അന്നത്തെ തമിഴ് സിനിമയുടെ രീതി അങ്ങനെ ആയിരുന്നു.
മകളായോ പെങ്ങളായോ അഭിനയിച്ചാല്‍ പിന്നെ ജോഡി ആയി അഭിനയിക്കാന്‍ സാധിക്കില്ല. ‘മകളായി വന്ന കുട്ടിയുടെ കൂടെ അഭിനയിക്കുന്നോ’ എന്ന് അവര്‍ ചോദിക്കും. പിന്നെ അന്ന് എനിക്ക് ആ സിനിമയില്‍ അഭിനയിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല.
ശേഷം എനിക്ക് തമിഴിലും മലയാളത്തിലുമൊക്കെയായി സിനിമകളില്‍ നല്ല നല്ല വേഷങ്ങള്‍ കിട്ടി തുടങ്ങി. അതോടെ ഞാന്‍ എന്റെ റോള് ഡിമാന്റ് ചെയ്യാന്‍ തുടങ്ങി. വെറുതെ നായകന്റെ കൂടെയുള്ള അഞ്ച് പാട്ട് മാത്രം പോരെന്ന് പറയാന്‍ തുടങ്ങി.
എനിക്ക് പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും പറഞ്ഞു. അതോടെ അത്തരം കഥാപാത്രങ്ങള്‍ എനിക്ക് ലഭിക്കുന്നത് കുറവായി. രജിനി സാര്‍ എപ്പോഴും കൊമേഴ്ഷ്യല്‍ സിനിമകളുടെ നടുവിലാണല്ലോ. അതുകൊണ്ടാണ് ഞങ്ങള്‍ ഇരുവരും ഒരുമിച്ച് സിനിമ വരാതിരുന്നത്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Rajinikanth’s Daughter Role In Movie