മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി 2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ആറാം തവണയും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.
പാര്‍വതിയും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇപ്പോള്‍ പാര്‍വതിയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.
സിനിമയില്‍ ഒറ്റക്ക് നിന്ന് ഒരാള്‍ അഭിനയിച്ചതുകൊണ്ട് ഒരു സീന്‍ നന്നാവില്ലെന്നും ഓപ്പോസിറ്റ് നില്‍ക്കുന്ന പാര്‍വതി കൂടി നന്നായി ചെയ്യുന്നത് കൊണ്ടാണ് സീന്‍ ഭംഗിയായി വരുന്നതെന്നും ഉര്‍വശി പറയുന്നു. താന്‍ തയ്യാറെടുപ്പുകള്‍ ഒന്നും തന്നെയില്ലാതെ വന്ന് അഭിനയിക്കുന്ന ആക്ടറാണെന്നും പാര്‍വതി ഒരുപാട് പ്രിപ്പയര്‍ ചെയ്ത് വന്ന് അഭിനയിക്കുന്ന നടിയാണെന്നും അവര്‍ പറയുന്നു. അതൊക്കെ കാണുമ്പോള്‍ താന്‍ തന്റെ പ്രൊഫഷനെ ഗൗരവത്തില്‍ കാണാത്ത ഒരു അഭിനേതാവാണെന്ന് തോന്നുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വി.യോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഞാനാണ് ആക്ഷന്‍ എങ്കില്‍ അവളാണ് റിയാക്ഷന്‍. അത് കിട്ടില്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ പറ്റില്ല. ഒരിക്കലും ഒരാള്‍ ഒറ്റക്കിരുന്ന് അഭിനയിച്ചത് കൊണ്ട് ഒരു സീന്‍ നന്നാവില്ല. കാരണം മോശമായിട്ട് ചെയ്ത ആളിനെ നമ്മള്‍ ശ്രദ്ധിക്കും. ഇതിനകത്ത് ഒരോന്നിലും ഞാനും അവളുമാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. ഞാന്‍ ഒരു പ്രിപ്പറേഷനുമില്ലാതെ, ആക്ഷന്‍ പറയുമ്പോള്‍ മാത്രം അഭിനയിക്കുന്ന ഒരാളും അവള്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രിപ്പയര്‍ ചെയ്ത് വന്നിരിക്കുന്ന ഒരു ആര്‍ട്ടിസ്റ്റുമാണ്.
സ്‌ക്രിപ്റ്റില്‍ ഇതെങ്ങനെ പറയണം, ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ഉര്‍വശി ചേച്ചി എങ്ങനെ പറയുമായിരിക്കും ഇങ്ങനത്തെ കാര്യങ്ങള്‍ നോക്കി ബൈഹാട്ട് ചെയ്ത് വന്നിരിക്കുകയാണ് പാര്‍വതി. എന്നിട്ട് അത് റിഹേഴ്‌സല്‍ ചെയ്ത് നോക്കിയിട്ടാണ് ചെയ്യുന്നത്. അത്രയും പ്രിപ്പേയര്‍ ചെയ്തിട്ടാണ് പാര്‍വതി നില്‍ക്കുന്നത്. ഞാന്‍ ഒന്നും അത്രയും ഗൗരവത്തില്‍ എന്റെ പ്രൊഫഷനെ കണ്ടിട്ടില്ലാ. എനിക്കത് അറിയില്ല,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about Parvathy Thiruvothu