മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. മികച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച നടി കൂടിയാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു. ഒപ്പം ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് ഉര്‍വശിയാണ്.
രണ്ട് തലമുറയുടെ ഒപ്പം അഭിനയിച്ച നടി കൂടിയാണ് ഉര്‍വശി. ഇന്നത്തെ തലമുറയുടെ സിനിമകള്‍ കാണാറുണ്ടോ? ശ്രദ്ധിക്കാറുണ്ടോ? അവരെ വിലയിരുത്താറുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘തീര്‍ച്ചയായും, ഇന്നത്തെ തലമുറയെ വിലയിരുത്താറുണ്ട്. വളരെ ടാലന്റായ ആളുകളാണ് എല്ലാവരും. എല്ലാ ആളുകളും സിനിമയ്ക്ക് വേണ്ടി പ്രിപ്പേര്‍ ചെയ്യുന്നത് വളരെ മികച്ച രീതിയിലാണ്. ഓഡീഷനൊക്കെ അവര്‍ എന്ത് കൃത്യമായിട്ടാണ് ചെയ്യുന്നത്. ഓരോരുത്തരും പെര്‍ഫോം ചെയ്ത് വീഡിയോസ് അയക്കുകയല്ലേ ചെയ്യുന്നത്. എല്ലാവരും ബ്രില്ല്യന്റും സ്മാര്‍ട്ടുമായ പിള്ളേരാണ്,’ ഉര്‍വശി പറയുന്നു.
ഉര്‍വശി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ഇത്. ഉര്‍വശിയുടെ പങ്കാളിയായ ശിവപ്രസാദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മ ആയി എത്തുന്നത് ഉര്‍വശി തന്നെയാണ്. കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ, കിഷോര്‍, നോബി തുടങ്ങിയവരും വി.കെ. ബൈജു, പി.ആര്‍. പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അവര്‍ക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Urvashi Talks About New Generation In Malayalam Cinema