വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നസ്‌ലെനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. കേശു ഈ വീടിന്റെ നാഥന്‍, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ നസ്‌ലെനും ഉര്‍വശിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
താന്‍ പ്രേമലു എന്ന സിനിമ പലതവണ കണ്ടുവെന്നും നസ്‌ലെനെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഉര്‍വശി പറയുന്നു. തന്റെ കൂടെ വരനെ ആവശ്യമുണ്ട്, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകളില്‍ നസ്‌ലെനുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആ സമയത്ത് തന്നെ അദ്ദേഹമൊരു താരമാകുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ പ്രേമലു കണ്ടിരുന്നു. അത് പലവട്ടം കണ്ടിട്ടുണ്ട്. എനിക്ക് വലിയ ഇഷ്ടമാണ് നസ്‌ലെനെ. എന്റെ കൂടെയല്ലേ ആദ്യം പടങ്ങള്‍ ചെയ്തത്. ഞങ്ങള്‍ ഒരുമിച്ചുള്ള രണ്ട് പടങ്ങളുണ്ട്. ഒന്ന് വരനെ ആവശ്യമുണ്ട്. മറ്റൊന്ന് കേശു ഈ വീടിന്റെ നാഥന്‍. ആ സമയത്തെ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ പറയും നാളത്തെ സ്റ്റാറാണ് വന്നു എടുക്കൂ എന്ന്,’ ഉര്‍വശി പറയുന്നു.