എന്നെ പറ്റിക്കുന്നതായിരുന്നു ആ നടന്റെ സ്ഥിരം ജോലി; ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കും: ഉര്‍വശി
Entertainment
എന്നെ പറ്റിക്കുന്നതായിരുന്നു ആ നടന്റെ സ്ഥിരം ജോലി; ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കും: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 8:52 am

നടന്‍ മുകേഷിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. തന്നെ ഇപ്പോഴും പറ്റിക്കുന്ന ആളാണ് മുകേഷെന്നും പറ്റിക്കുമെന്ന് അറിയാമെങ്കിലും താന്‍ അതൊക്കെ വിശ്വസിക്കാറുണ്ടെന്നും ഉര്‍വശി പറഞ്ഞു. തന്റെ പുതിയ സിനിമയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കും. അന്നൊക്കെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമകളാണല്ലോ. എല്ലാവരെയും എല്ലാ സിനിമയിലും കാണും. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അവരുടെ കുടുംബകാര്യമൊക്കെ അറിയാം.

അങ്ങനെ ഞാന്‍ സി.ബി.ഐ ഡയറികുറിപ്പ് എന്ന സിനിമയില്‍ അഭിനയിക്കുന്നു. അതിലും കുറേ ആര്‍ട്ടിസ്റ്റുകളുണ്ട്. അങ്ങനെ അതിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മുകേഷേട്ടന്‍ ഒറ്റക്കൊരു മൂലയില്‍ പോയിരിന്നു എന്തൊക്കയോ എഴുതുന്നു. ഞാന്‍ പോയി എന്താ മുകേഷേട്ടാ എഴുതുന്നതെന്ന് ചോദിച്ചു. ‘ഉര്‍വശിക്ക് അറിയാലോ നമ്മുടേതൊക്കെ നാടക കുടുംബമല്ലേ, എനിക്ക് പാട്ടൊക്കെ എഴുതാന്‍ ഇഷ്ടമാണ്. എന്നാല്‍ ആരും എന്നെ അംഗീകരിക്കുന്നില്ല’ എന്ന് മുകേഷേട്ടന്‍ എന്നോട് പറഞ്ഞു.

അതിനെന്താ മുകേഷേട്ടാ, നിങ്ങള്‍ എഴുത് ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നല്‍ കിളി ഇറങ്ങി’ അങ്ങനെ കുറച്ച് വരികള്‍ എഴുതി എനിക്ക് തന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ ഗംഭീരമായിരുന്നു. നന്നായെന്ന് പറഞ്ഞെപ്പോള്‍ അദ്ദേഹം തന്നെ ഒരു ട്യൂണ്‍ ഒക്കെ ഇട്ട് പാടിത്തന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അത് മൈന്‍ഡ് ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഷൂട്ടിന് പോകാന്‍ വേണ്ടി ഞാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഡ്രൈവറോട് പാട്ടിടാന്‍ പറഞ്ഞു. അങ്ങനെ കുറേ പാട്ട് കഴിഞ്ഞപ്പോഴുണ്ട് ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നല്‍ കിളി ഇറങ്ങി’ എന്ന പാട്ട്. ഇത് ഇത്രവേഗം ഇറങ്ങിയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടപ്പോള്‍ ഡ്രൈവറാണ് പറഞ്ഞത് ഇത് മുകേഷും പാര്‍വതിയും അഭിനയിച്ച സിനിമയിലേതാണെന്ന്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Mukesh