ഒരു സൂപ്പര്‍സ്റ്റാര്‍ മതി; ഞാനും മഞ്ജു വാര്യരും ഒരുമിച്ചുള്ള സിനിമ പ്ലാന്‍ ചെയ്തിരുന്നു: ഉര്‍വശി
Entertainment
ഒരു സൂപ്പര്‍സ്റ്റാര്‍ മതി; ഞാനും മഞ്ജു വാര്യരും ഒരുമിച്ചുള്ള സിനിമ പ്ലാന്‍ ചെയ്തിരുന്നു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 5:11 pm

മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവിയെ കുറിച്ചും നടി മഞ്ജു വാര്യരെ കുറിച്ചും പറയുകയാണ് ഉര്‍വശി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിര്‍മാതാവായിട്ട് വരുന്ന ചിത്രത്തിന്റെ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടി.

പരിപാടിയില്‍ ‘മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളാണ് ഒരുമിച്ച് നില്‍ക്കുന്നത്’ എന്ന് അവതാരക പറഞ്ഞതോടെ അതിന് മറുപടിയായി ഉര്‍വശി പറഞ്ഞത് ‘എനിക്ക് അതിനോട് താത്പര്യമില്ല. ആ മഹാഭാരം ചുമക്കാന്‍ എനിക്ക് വയ്യ’ എന്നായിരുന്നു.

സൂപ്പര്‍സ്റ്റാറെന്ന് പറയുന്നത് വലിയൊരു ഭാരമാണെന്നും വലിയ കുഴപ്പമില്ലാത്ത ആര്‍ട്ടിസ്റ്റായി ഒരു സൈഡിലൂടെ അങ്ങനെ പോകുന്നതല്ലേ നല്ലതെന്നും ഉര്‍വശി ചോദിക്കുന്നു. ഒപ്പം താനും മഞ്ജു വാര്യരും ഒരുമിച്ചുള്ള സിനിമ വരേണ്ടതായിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും നടി പറഞ്ഞു.

‘ഈ പെണ്‍കുട്ടി പറഞ്ഞ രണ്ട് സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് ഒന്ന് കട്ട് ചെയ്‌തേക്ക് കേട്ടോ. ഒരു സൂപ്പര്‍സ്റ്റാര്‍ മതി, മഞ്ജു. എനിക്ക് അതിനോട് താത്പര്യമില്ല. ആ മഹാഭാരം ചുമക്കാന്‍ എനിക്ക് വയ്യ. സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നത് വലിയൊരു ഭാരമാണ് (ചിരി).

നമ്മള്‍ വലിയ കുഴപ്പമില്ലാത്ത ആര്‍ട്ടിസ്റ്റായി ഒരു സൈഡിലൂടെ അങ്ങനെ പോകുന്നതല്ലേ നല്ലത്. എന്തായാലും ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ ഒരുമിച്ചാണ് ഇവിടെ നില്‍ക്കുന്നത്, അതുമതി. ഞാനും മഞ്ജുവും ഒരുമിച്ചുള്ള സിനിമ വരേണ്ടതായിരുന്നു.

അഞ്ചാറ് വര്‍ഷമായി പ്ലാനിലുണ്ടായിരുന്ന സിനിമയാണ്. പക്ഷെ അത് നടക്കാതെ പോകുകയായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധായകനായ സിനിമ പ്ലാന്‍ ചെയ്തിരുന്നു. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ടായിരുന്നു. പക്ഷെ നടന്നില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Manju Warrier