കമല്‍ ഹാസനെ പോലെ സിനിമക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ താന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ലെന്ന് പറയുകയാണ് ഉര്‍വശി.
ഒരു സിനിമയില്‍ ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിന് ശേഷം അഭിനയിക്കാമെന്ന് ചിന്തിക്കുന്ന ആളാണ് അദ്ദേഹമെന്നും ഉര്‍വശി പറഞ്ഞു.
മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്‍ ഹാസനെന്നും സിനിമയുടെ എല്ലാ മേഖലയിലും കൈ വെയ്ക്കുന്ന മറ്റൊരു നടനില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായുമൊക്കെയുള്ള കമല്‍ ഹാസനോടൊപ്പം തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചെന്നും നടി പറഞ്ഞു.
‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്‍ ഹാസന്‍. ഇത്തരത്തില്‍ സിനിമയുടെ എല്ലാ മേഖലയിലും കൈ വെയ്ക്കുന്ന മറ്റൊരു നടനില്ല എന്നുതന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും ഒക്കെയുള്ള കമല്‍ ഹാസനോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
സിനിമക്ക് വേണ്ടി ഇത്ര അധികം സമര്‍പ്പിച്ചിരിക്കുന്ന നടനെ ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല. ഒരു സിനിമയില്‍ ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിന് ശേഷം അഭിനയിക്കാമെന്ന് ചിന്തിക്കുന്ന ആളാണ് കമല്‍ ഹാസന്‍,’ ഉര്‍വശി പറഞ്ഞു.
നടന്‍ ഭരത് ഗോപിയെ കുറിച്ചും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു. ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഭരത് ഗോപിയുടെ മുഖമാണെന്നും ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
Content Highlight: Urvashi Talks About Kamal Haasan