മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. മികച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച നടി കൂടിയാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു. ഒപ്പം ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് ഉര്‍വശിയാണ്.
ഈ രണ്ട് സിനിമകളിലും നടന്‍ ജഗതിയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഉര്‍വശി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ഇത്.
ഉര്‍വശിയുടെ പങ്കാളിയായ ശിവപ്രസാദ് ആണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത്. ഇന്ന് നടന്‍ ജഗതി അഭിനയിക്കുന്ന സാഹചര്യമായിരുന്നെങ്കില്‍ ജഗദമ്മയില്‍ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉര്‍വശി. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘അമ്പിളിച്ചേട്ടനെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം അഭിനയിക്കുമായിരുന്നെങ്കില്‍ തീര്‍ച്ചയായും എന്റെ ഏറ്റവും പുതിയ ചിത്രമായ ജഗദമ്മയില്‍ അദ്ദേഹവും ഉണ്ടാകുമായിരുന്നു. അതില്‍ ഒരു ശതമാനം പോലും സംശയമില്ല.
അങ്ങനെ അദ്ദേഹം അഭിനയിക്കുമായിരുന്നെങ്കില്‍ ഏത് വേഷം കൊടുക്കുമായിരുന്നു എന്ന് ചോദിച്ചാല്‍, ഏത് വേഷമാണ് അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കാത്തത്. നല്ല പക്കാ വില്ലന്‍ റോള്‍ ആണെങ്കിലും കോമഡിയാണെങ്കിലും അദ്ദേഹം ചെയ്യും. ഇമോഷണല്‍ റോളും ചെയ്യുന്ന ആളാണ് അമ്പിളി ചേട്ടന്‍.
എല്ലാ ടൈപ്പ് കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുന്ന നടനാണ് അദ്ദേഹം. അത്തരം കഥാപാത്രങ്ങളും ചെയ്തതിന് ശേഷമാണ് അദ്ദേഹം വിശ്രമത്തിലേക്ക് പോയത്. അദ്ദേഹത്തിന് ഇപ്പോഴുള്ള ആരോഗ്യ സ്ഥിതിയില്‍ ഒന്നും മനസിലാകാത്ത പ്രശ്‌നമൊന്നുമില്ല.
വീണ്ടും ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ തവണ കണ്ടപ്പോള്‍ അദ്ദേഹം കൈ പിടിച്ചിരുന്നു. ഒപ്പം പാട്ട് പാടുകയും ചെയ്തു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് പെരിയാറെ,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Jagathy Sreekumar