മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഉര്‍വശി. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആയിരിക്കെ തന്നെ ജഗദീഷ്, ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള നടന്മാരുടെ നായിക കൂടിയാകാന്‍ തയ്യാറായ നടിയാണ് ഉര്‍വശി.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷിനെ കുറിച്ച് പറയുകയാണ് നടി. ജഗദീഷ് എന്ന നടന് എന്താണ് ഒരു കുറവെന്ന് ചോദിക്കുന്ന ഉര്‍വശി ഇപ്പോഴത്തെ സംവിധായകര്‍ അദ്ദേഹം എന്ത് നല്ല നടനാണെന്ന് പ്രൂവ് ചെയ്തിരിക്കുകയാണെന്നും പറയുന്നു.
ഓരോ സിനിമയിലും അദ്ദേഹം ഞെട്ടിക്കുകയാണെന്നും താന്‍ അതൊക്കെ കണ്ട് ജഗദീഷിനോട് സംസാരിക്കാറുണ്ടെന്നും ഉര്‍വശി പറഞ്ഞു. ഫാലിമി സിനിമ കണ്ട് താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും റോഷാക്ക് കണ്ടിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ജഗദീഷ് എന്ന നടന് എന്താണ് ഒരു കുറവ്. ഇപ്പോഴത്തെ സംവിധായകര്‍ അദ്ദേഹം എന്ത് നല്ല നടനാണെന്ന് പ്രൂവ് ചെയ്തിരിക്കുകയല്ലേ. ഓരോ സിനിമയിലും അദ്ദേഹം ഞെട്ടിക്കുകയല്ലേ. സിനിമകള്‍ കണ്ടിട്ട് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്.
ഫാലിമിയൊക്കെ കണ്ടിട്ട് ഞാന്‍ ജഗദീഷേട്ടനെ വിളിച്ചിരുന്നു. ‘ചേട്ടാ, ഉഗ്രനായിട്ടുണ്ട്’ എന്ന് ഞാന്‍ പറഞ്ഞു. അതുപോലെ റോഷാക്ക് എന്ന സിനിമ കണ്ടിരുന്നു. അതിലൊക്കെ മികച്ച കഥാപാത്രങ്ങളെയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഞാന്‍ കാണുന്നുണ്ട്.
അത്രയും മികച്ച കലാകാരന്‍ ജഗദീഷേട്ടന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ഒരു കോളേജ് അധ്യാപകനായിട്ട് ജോലി ചെയ്യുമ്പോഴാണ് കോമഡി റോളുകളൊക്കെ അദ്ദേഹം ചെയ്യുന്നത്. മികച്ച കലാകാരനാണ് ജഗദീഷേട്ടന്‍,’ ഉര്‍വശി പറയുന്നു.