മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്.
ഉര്‍വശിയുടെ പങ്കാളിയായ ശിവപ്രസാദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മ ആയി എത്തുന്നത് ഉര്‍വശി തന്നെയാണ്. യഥാര്‍ത്ഥ ജീവിതത്തിലെ ഉര്‍വശിയും ഈ സിനിമയിലെ കഥാപാത്രവും തമ്മില്‍ എത്രത്തോളം കണക്ഷനുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉര്‍വശി.
താനും ജഗദമ്മയും തമ്മില്‍ വലിയ കണക്ഷന്‍ ഇല്ലെന്നാണ് നടി പറയുന്നത്. അതേസമയം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെയും മുമ്പ് ജീവിച്ചിരുന്ന കഥാപാത്രങ്ങളെയും ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ള ആര്‍ട്ടിസ്റ്റാണ് താനെന്നും ഉര്‍വശി പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാനും ജഗദമ്മയും തമ്മില്‍ വലിയ കണക്ഷന്‍ ഇല്ല. പക്ഷെ ഞാന്‍ എന്റെ എല്ലാ സിനിമകളിലും അഭിനയിക്കുന്നത് ആ കഥാപാത്രം ഞാന്‍ ആണെങ്കില്‍ എന്ന് ചിന്തിച്ചു കൊണ്ടാണ്. അല്ലാതെ ഒരിക്കലും ഞാന്‍ ഇവിടുന്ന് അങ്ങോട്ട് ചെന്ന് ആ കഥാപാത്രമാകാന്‍ ശ്രമിക്കാറില്ല. അങ്ങനെ എനിക്ക് പറ്റില്ല.
അതേസമയം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെയും മുമ്പ് ജീവിച്ചിരുന്ന കഥാപാത്രങ്ങളെയും ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ള ആര്‍ട്ടിസ്റ്റാണ് ഞാന്‍. തമിഴിലും തെലുങ്കിലുമൊക്കെയായി അങ്ങനെയൊരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.
ഞാന്‍ തമിഴില്‍ ജെ. ബേബി എന്ന ഒരു സിനിമ ചെയ്തിരുന്നു. അവര്‍ അവിടെ ജീവിച്ചിരുന്ന സ്ത്രീ ആണെന്ന് അറിയാതെ അവരുടെ വീട്ടിലൊക്കെ പോയിട്ട് ഞാന്‍ അഭിനയിച്ചിരുന്നു. ആ സമയത്ത് ആ പരിസരത്തുള്ള ആളുകളൊക്കെ എന്നെ നോക്കി കരയുകയായിരുന്നു,’ ഉര്‍വശി പറയുന്നു.
ഉര്‍വശിക്ക് പുറമെ കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ, കിഷോര്‍, നോബി എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഒപ്പം വി.കെ. ബൈജു, പി.ആര്‍. പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരും അഭിനയിക്കുന്നു. അവര്‍ക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങളാണ് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Urvashi Talks About J Baby Movie