മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഉര്‍വശി. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ കൂടെയും ജഗദീഷ്, ശ്രീനിവാസന്‍, മനോജ് കെ. ജയന്‍ തുടങ്ങി മലയാളത്തിലെ നിരവധി നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് ഉര്‍വശി.
താന്‍ എല്ലാ കാലത്തും സിനിമകളുടെ സംവിധായകരെയാണ് വിശ്വസിക്കുന്നതെന്ന് പറയുകയാണ് ഉര്‍വശി. ഓരോ സീനുകളില്‍ അഭിനയിക്കുമ്പോഴും സംവിധായകര്‍ അതില്‍ സംതൃപ്തരാണെങ്കില്‍ തനിക്കും സന്തോഷം തോന്നുമെന്നും നടി പറയുന്നു.
‘എല്ലാ കാലത്തും സംവിധായകരെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ രംഗം അഭിനയിക്കുമ്പോഴും സംവിധായകര്‍ സംതൃപ്തരാണെങ്കില്‍ എനിക്കും സന്തോഷം തോന്നും.
സ്റ്റാര്‍ട്ട് ക്യാമറയ്ക്കും കട്ടിനുമിടയിലാണ് സംവിധായകര്‍ക്ക് അഭിനേതാക്കളോടുള്ള വിശ്വാസം. ആ വിശ്വാസത്തിലാണ് ഓരോ സിനിമയും ചെയ്യുന്നത്. ഒരു കഥാപാത്രം ചെയ്യുന്നതിന് മുമ്പ് പ്രത്യേകമായ മുന്നൊരുക്കങ്ങളൊന്നുംതന്നെ ചെയ്തിരുന്നില്ല.
ഷോട്ട് റെഡിയാകുമ്പോള്‍ ആ സമയത്ത് മനോധര്‍മംപോലെ ഓരോന്ന് ചെയ്യുന്നു, അത്രമാത്രം. ഞാന്‍ അഭിനയിച്ച സിനിമകളൊന്നും എനിക്ക് ആസ്വദിച്ച് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കാരണം, ആ സിനിമകള്‍ കണ്ടാല്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നുവെന്ന തോന്നല്‍ അലട്ടും,’ ഉര്‍വശി പറയുന്നു.