മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.
കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. താന്‍ എങ്ങനെയാണോ അതുപോലത്തെ കഥാപാത്രങ്ങളെ മാത്രമേ തനിക്ക് ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ഉര്‍വശി പറയുന്നു. എന്നാല്‍ അപൂര്‍വമായി താന്‍ സിനിമയില്‍ കഥാപാത്രങ്ങളെ അനുകരിച്ചിട്ടുണ്ടെന്നും തലയണമന്ത്രം എന്ന സിനിമയിലെ കാഞ്ചന അങ്ങനെയുള്ളതാണെന്നും ഉര്‍വശി പറഞ്ഞു.
കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരി എന്ന കഥാപാത്രത്തെപ്പറ്റി സംവിധായകന്‍ പറഞ്ഞപ്പോള്‍ വീട്ടിലുള്ള ആരെങ്കിലും തന്നെ കുറിച്ച് പറഞ്ഞുകൊടുത്ത് ചെയ്തതാണോ എന്ന് തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഞാനെങ്ങനെയാണോ അതുപോലത്തെ കഥാപാത്രങ്ങളേ എനിക്കു ചെയ്യാന്‍ പറ്റൂ. അപൂര്‍വ്വമായി മറ്റുള്ളവരെ അനുകരിച്ചിട്ടുണ്ട്. ഈ പതിഞ്ഞ കുശുമ്പു പറച്ചിലൊക്കെയില്ലേ? ‘തലയണമന്ത്ര’ത്തിലെ കാഞ്ചനയെപ്പോലെ. അതൊന്നും ഞാന്‍ ശീലിച്ചിട്ടില്ല. എന്റെ സംസാരം ഉറക്കെയാണ്.
പക്ഷേ കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരി, ആ കഥാപാത്രത്തെപ്പറ്റി സംവിധായകന്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നി, വീട്ടിലുള്ള ആരെങ്കിലും പറഞ്ഞുകൊടുത്തോ ഞാന്‍ ഇങ്ങനെയാണെന്ന്! ഒരു പഴയ സാധനവും ഞാന്‍ കളയാറില്ല. എന്റെ മോളിട്ട കുഞ്ഞുടുപ്പുപോലും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ആരെങ്കിലും അതെടുത്താല്‍ വീട് രണ്ടാക്കും ഞാന്‍! ഒരു കുഞ്ഞു ഭരണിയുണ്ടായിരുന്നു. എന്റെ ആന്റി തന്നത്. അതൊരു ദിവസം കാണാതായി. ഞാനുണ്ടാക്കിയ ബഹളം! എന്റെ പ്രാര്‍ത്ഥന കൊണ്ടാണെന്നു തോന്നുന്നു അത് തിരിച്ചു കിട്ടി,’ ഉര്‍വശി പറയുന്നു.