മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഒരു സിനിമയിലേക്ക് സംവിധായകന്‍ തെരഞ്ഞെടുക്കുന്ന അഭിനേതാക്കളെ നമുക്ക് വേണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് പറയുകയാണ് ഉര്‍വശി. അത് സംവിധായകന്റെ തീരുമാനമാണെന്നും നമ്മളോട് അഭിപ്രായം ചോദിക്കുകയാണെങ്കില്‍ അഭിപ്രായമായി പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും നടി പറയുന്നു.
എന്ത് കുറവ് കണ്ടാണ് നമ്മള്‍ ഒരാളെ വേണ്ടെന്ന് പറയുകയെന്ന് ചോദിക്കുന്ന ഉര്‍വശി സിനിമയില്‍ ആര്, എപ്പോള്‍, ഏത് ഉയരങ്ങളില്‍ എത്തുമെന്ന് പറയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ഹേമ മാലിനി, രേഖ എന്നിവരെ തമിഴ് സിനിമയില്‍ നിന്ന് കട്ട് ചെയ്തതിനെ കുറിച്ചും ഉര്‍വശി പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘നമ്മളെ ഒരു സംവിധായകന്‍ തെരഞ്ഞെടുത്താല്‍ ആ കഥാപാത്രം ചെയ്യുക എന്നതാണ് കാര്യം. തന്റെ സിനിമയില്‍ ഏത് ആര്‍ട്ടിസ്റ്റിന്റെ ഉപയോഗിക്കണം എന്നത് ആ സംവിധായകന്റെ തീരുമാനമാണ്. അങ്ങനെയുള്ളപ്പോള്‍ ‘സംവിധായകന്‍ തെരഞ്ഞെടുത്ത നടന്‍ വേണ്ട, ഞാന്‍ പറയുന്ന ആളെ വെയ്ക്കൂ’വെന്ന് പറയുന്ന സമ്പ്രദായമില്ല.
പക്ഷെ നമ്മളോട് ഒരു കഥാപാത്രത്തിന്റെ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ‘ഈ റോളിന് ഇയാള്‍ അല്ലേ നല്ലത്’ എന്ന് പറയും. അതും ഒരു അഭിപ്രായമായിട്ടാണ് പറയുന്നത്. അല്ലാതെ അവര്‍ തെരഞ്ഞെടുത്ത ആളിനെ മാറ്റാന്‍ പറയാന്‍ നമുക്ക് സ്വാതന്ത്ര്യമില്ലല്ലോ. അങ്ങനെ പറയുന്ന രീതിയില്ല.
പിന്നെയുള്ള കാര്യം, എന്ത് കുറവ് കണ്ടിട്ടാണ് നമ്മള്‍ ഒരാളെ വേണ്ട എന്ന് പറയുക? സിനിമയില്‍ അങ്ങനെ വല്ലതുമുണ്ടോ. ഒരിക്കലുമില്ല. സിനിമയെന്ന ഫീല്‍ഡില്‍ ആര്, എപ്പോള്‍, ഏത് ഉയരങ്ങളില്‍ എത്തുമെന്ന് പറയാന്‍ പറ്റില്ല. ആരെങ്കിലും റിജക്ട് ചെയ്താല്‍ അതിലും മികച്ച അവസരം നമ്മളെ തേടിവരും.
ഇപ്പോള്‍ ലോങ്ങ് സ്റ്റാന്‍ഡിങ്ങായിട്ട് നില്‍ക്കുന്ന എത്രയോ നായികമാരുണ്ട്. അവരൊക്കെ അങ്ങനെ കടന്നുവന്നവരാണ്. ഹേമാ മാലിനിയെ തമിഴില്‍ ഒരു സിനിമയില്‍ അഭിനയിപ്പിച്ച ശേഷം അവരുടെ പല്ല് ശരിയല്ലെന്ന് പറഞ്ഞ് കട്ട് ചെയ്ത് അയച്ചിരുന്നു. ആ ആളാണ് പിന്നീട് ഇന്ത്യയിലെ ഡ്രീം ഗേളായി മാറിയത്.
ആരെങ്കിലും കുറവ് പറഞ്ഞ് ഒരാളെ മാറ്റിയാല്‍ മറ്റേതെങ്കിലും രീതിയില്‍ അയാള്‍ അര്‍ഹിക്കുന്ന പൊസിഷനില്‍ എത്തുക തന്നെ ചെയ്യും. അതുപോലെ ഹിന്ദി നടി രേഖയും തമിഴില്‍ പഴയ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അത് ശരിയാവില്ലെന്ന് പറഞ്ഞ് കട്ട് ചെയ്തതാണ്.
സൗത്തിന്റെ ഫേസ് അല്ല, കവിളൊക്കെ ഒട്ടിയിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു അത്. പിന്നീട് രേഖ ഒരിക്കലും തമിഴില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടില്ല. ഇതൊക്കെ പലരും പറഞ്ഞ് കേട്ട കാര്യങ്ങളാണ്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Hema Malini