ആ നടൻ്റെ മുന്നിൽ ഞാൻ സുരേഷിനിട്ട് പണി കൊടുത്തു, അപ്പോൾ അദ്ദേഹം പറഞ്ഞത്: ഉർവശി
Entertainment
ആ നടൻ്റെ മുന്നിൽ ഞാൻ സുരേഷിനിട്ട് പണി കൊടുത്തു, അപ്പോൾ അദ്ദേഹം പറഞ്ഞത്: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 2:04 pm

താൻ സുരേഷ് ഗോപിക്ക് കൊടുത്ത പണിയെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. ന്യൂ ഡല്‍ഹി തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ചെയ്തിരുന്നുവെന്നും അതിലെ ഡയലോഗ് സുരേഷ് ഗോപിയോട് പറയാന്‍ പറഞ്ഞുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും ഉര്‍വശി പറയുന്നു.

ആ ഡയലോഗ് നോക്കിയപ്പോള്‍ മമ്മൂട്ടിയുടെ അടുത്ത് വന്ന് പറയുന്ന ഡയലോഗ് ആണെന്നും ‘നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ സിക്‌സ്ത് സെന്‍സിൻ്റെ ആവശ്യമില്ല. കോമണ്‍സെന്‍സ് ഉണ്ടായാല്‍ മതി’ എന്ന ഡയലോഗിന്റെ തെലുങ്ക് ആണെന്നും ഉര്‍വശി പറഞ്ഞു.

തെലുങ്കിലെ നായക നടന്‍ തന്നോട് സംസാരിച്ച് ഇരിക്കുമ്പോള്‍ ഇത് പറയാന്‍ താന്‍ സുരേഷിനോട് പറഞ്ഞെന്നും സുരേഷ് ഗോപിക്ക് തെലുങ്ക് അറിയാത്തതുകൊണ്ട് അവിടെ വന്ന് പറഞ്ഞെന്നും ഉർവശി പറയുന്നു. ഇത് കേട്ടപ്പോൾ ആ നടൻ ഞെട്ടിയെന്നും ആ നടന് അത് സിനിമ ഡയലോഗാണ് എന്ന് മനസിലായില്ലെന്നും അതിന് ഇവിടെ എന്താണ് നടന്നത് എന്നാണ് തിരിച്ചുചോദിച്ചതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

തനിക്ക് കിട്ടിയ പണി താന്‍ തിരിച്ചുകൊടുത്തതാണെന്നും ഉര്‍വശി പറയുന്നു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഞങ്ങള്‍ ന്യൂ ഡല്‍ഹി തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ചെയ്തല്ലോ. അപ്പോള്‍ അതിലൊരു ഡയലോഗ് ഉണ്ട്. സുരേഷ് വന്ന് പറഞ്ഞു, ഈ ഡയലോഗ് പറയാന്‍ പറയുന്നു എന്ന്. ആ ഡയലോഗ് നോക്കിയപ്പോള്‍ മമ്മൂക്കയുടെ അടുത്ത് വന്ന് പറയുന്ന ഡയലോഗ് ആണ്.

‘നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ സിക്‌സ്ത് സെന്‍സിൻ്റെ ആവശ്യമില്ല. കോമണ്‍സെന്‍സ് ഉണ്ടായാല്‍ മതി’ എന്ന ഡയലോഗിന്റെ തെലുങ്ക് ആണ്. ആ സമയത്ത് അവിടെ തെലുങ്കിലെ ഒരു നായക നടന്‍ ഇരിപ്പുണ്ട്. ഞാന്‍ ആ നടനുമായി സംസാരിക്കുമ്പോള്‍ ഈ ഡയലോഗ് പറയാന്‍ പറഞ്ഞു.

സുരേഷ് ഈ ഡയലോഗ് പറഞ്ഞപ്പോള്‍ ‘അതിന് ഇവിടെ എന്ത് നടന്നു? ഇവിടെ ഒന്നും നടന്നില്ലല്ലോ. ഇവിടെ ഞങ്ങള്‍ ജസ്റ്റ് സംസാരിച്ചുകൊണ്ടിരിക്കുവല്ലേ’ എന്നാണ് ആ നടന്‍ പറഞ്ഞത്.

എനിക്ക് പലപ്പോഴും കിട്ടിയ പണി ആര്‍ക്കെങ്കിലും ഒക്കെ കൊടുക്കണ്ടെ. അതാണ് സുരേഷിനിട്ട് കൊടുത്തത്,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi Talking About Suresh Gopi