വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
സിനിമിൽ ഇടവേള ഉണ്ടായിട്ടില്ലെന്നും മലയാളത്തിൽ തിരക്കുള്ളപ്പോഴാണ് തമിഴിൽ സജീവമാകുന്നതെന്നും ഉർവശി പറയുന്നു. അഴകൻ, ദളപതി എന്നീ സിനിമകളിലേക്ക് അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താൻ പോയില്ലെന്നും നടി പറഞ്ഞു.
എന്നാൽ കഥാപാത്രങ്ങൾ ആവർത്തിക്കുന്നുവെന്ന തോന്നലിലാണ് തമിഴിലേക്ക് പോയതെന്നും തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന അവാർഡുകൾ ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് അവസരം ലഭിക്കില്ലെന്ന സംസാരം ഉണ്ടായെന്നും അവർ പറയുന്നു.
തമിഴിലിൽ തനിക്ക് വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ലഭിച്ചുവെന്നും ഉർവശി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.
‘സിനിമയിൽ എനിക്ക് ഇടവേളകൾ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കൊവിഡ് സമയത്ത് മാത്രമേ വിശ്രമം അറിഞ്ഞിട്ടുള്ളൂ. 1995ൽ മലയാള സിനിമയിൽ നല്ല തിരക്കിൽ നിൽക്കുന്ന കാലത്താണ് തമിഴിൽ സജീവമാകുന്നത്. കഴകം എന്ന സിനിമക്ക് സംസ്ഥാന അവാർഡ് കിട്ടിയ വർഷമായിരുന്നു അത്. അതിനുമുൻപും തമിഴിൽനിന്ന് ഒരുപാട് അവസരങ്ങൾ വന്നിരുന്നു.
ബാലചന്ദർ സാറിന്റെ അഴകനും മണിരത്നത്തിൻ്റെ ദളപതിയും ഉൾപ്പെടെയുള്ള സിനിമകൾ വന്നിരുന്നു. എന്നിട്ടും ഞാൻ മലയാളം വിട്ട് പോയില്ല. പക്ഷേ, റോളുകൾ ആവർത്തിക്കപ്പെടുന്നുണ്ടോ എന്ന തോന്നൽ വന്നപ്പോൾ എനിക്ക് ആ തീരുമാനം മാറ്റേണ്ടിവന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന അവാർഡുകൾ തേടിവന്നപ്പോൾ മറ്റുള്ളവർക്ക് അവസരം നിഷേധിക്കലല്ലേ ഇതെന്ന കമന്റുകളും ഉണ്ടായി.