ആരെങ്കിലും തുറിച്ചുനോക്കിയാൽ അസ്വസ്ഥയാകുന്ന, എന്തിനെയും ഭയപ്പെടുന്ന ബാല്യമായിരുന്നു എൻ്റേത്: ഉർവശി
Entertainment
ആരെങ്കിലും തുറിച്ചുനോക്കിയാൽ അസ്വസ്ഥയാകുന്ന, എന്തിനെയും ഭയപ്പെടുന്ന ബാല്യമായിരുന്നു എൻ്റേത്: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 8:52 am

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

സിനിമയിലേക്കുള്ള തൻ്റെ വരവ് അപ്രതീക്ഷിതമായിരുന്നെന്നും സിനിമയാണ് തട്ടകമെന്ന് മനസിലാക്കാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നുവെന്നും നടി പറയുന്നു. ലോട്ടറിയടിച്ചതുപോലെയാണ് സിനിമയിലെത്തിയതെന്നും അതുകൊണ്ട് അവസരങ്ങളുടെ മൂല്യം താൻ തിരിച്ചറിഞ്ഞിട്ടില്ലെന്നും അഭിനേത്രി പറഞ്ഞു.

ആരെങ്കിലും തുറിച്ചുനോക്കിയാൽ അസ്വസ്ഥയാകുന്ന, എന്തിനെയും ഭയപ്പെടുന്ന ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും ഭാവിയിൽ വലിയൊരു ആൾക്കൂട്ടത്തെ നേരിടേണ്ടി വരുമെന്നോ അഭിനയിക്കേണ്ടി വരുമെന്നോ ചിന്തിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തന്നെ മാറ്റിയതും വളർത്തിയതും സിനിമയാണെന്ന് നടി കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു നടി.

‘സിനിമയിലേക്കുള്ള എൻ്റെ വരവ് അപ്രതീക്ഷിതമായിരുന്നു. സിനിമയാണ് എന്റെ തട്ടകമെന്ന് ബോധ്യപ്പെടാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു. ഒരിക്കലും ഇങ്ങനെയൊക്കെ ആയിത്തീരണമെന്ന രീതിയിൽ ഒന്നും പദ്ധതിയിട്ടിരുന്നില്ല. ലോട്ടറിയടിച്ചപോലെ സിനിമയിലെത്തിയ ആളാണ്. അതിനാൽ ലഭിച്ച അവസരങ്ങളുടെ മൂല്യം അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ആരെങ്കിലും വെറുതെ ഒന്ന് തുറിച്ചുനോക്കിയാൽ അസ്വസ്ഥയാകുന്ന, എന്തിനെയും ഭയപ്പെടുന്ന ബാല്യമായിരുന്നു എൻ്റേത്. തന്റേതായ ചെറിയൊരു ലോകത്ത് ഒതുങ്ങിക്കൂടിയായിരുന്നു ജീവിച്ചിരുന്നത്. എന്റെ ചിന്തയിൽ പോലും ഞാൻ ഭാവിയിൽ വലിയൊരു ആൾക്കൂട്ടത്തെ നേരിടേണ്ടി വരുമെന്നോ അഭിനയിക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, കാലം നമുക്കായി പലതും കാത്തുവെച്ചു. എന്നെ മാറ്റിയത്, എന്നെ വളർത്തിയത് സിനിമയാണ്,’ ഉർവശി പറയുന്നു.

Content Highlight: Urvashi Talking about her Childhood and Cinema