ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.
ഇപ്പോള്‍ സിനിമയുടെ പിന്നണിയിലുള്ള ലൈറ്റേഴ്‌സാണ് സിനിമയുടെ ആദ്യത്തെ പ്രേക്ഷകര്‍ എന്ന് പറയുകയാണ് ഉര്‍വശി.
തന്റെ അഭിനയത്തെ കുറിച്ച് തനിക്ക് ഒരിക്കലും അഭിപ്രായം പറയാന്‍ പറ്റിയിട്ടില്ലെന്നും എന്നാല്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ പറ്റി പറയാന്‍ നല്ലവണ്ണം അറിയാമെന്നും ഉര്‍വശി പറയുന്നു. സിനിമയുടെ ലൈറ്റ് ഓഫീസേഴ്‌സാണ് തന്നെ സംബന്ധിച്ച് ആദ്യത്തെ പ്രേക്ഷകര്‍ എന്നും താന്‍ അഭിനയിക്കുമ്പോള്‍ അവരുടെ എക്‌സ്പ്രഷന്‍ നോക്കിയാണ് ടേക്ക് ഓക്കെയാണെന്ന് മനസിലാക്കുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ജഡ്ജ്‌മെന്റ് എനിക്ക് ഇതുവരെ എടുക്കാന്‍ പറ്റിയിട്ടില്ല. ഈ ടേക് സൂപ്പര്‍ ആയിരിക്കും എന്ന് എനിക്ക് പറയാന്‍ പറ്റിയിട്ടില്ല. പക്ഷേ എനിക്ക് എന്റെ തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റിന്റെ ടൈമിങ് ഇത് ഓക്കെയാണ് എന്ന് മനസിലാക്കാന്‍ പറ്റും. എനിക്ക് എന്റേത് മനസിലാക്കാന്‍ പറ്റില്ല. എന്നോട് ഡയറക്ടര്‍ പറയണം. ലൈറ്റ് ഓഫീസേഴ്‌സ് എന്ന് പറയുന്നവരാണ് ആദ്യത്തെ പ്രേക്ഷകര്‍. അവര്‍ ലൈറ്റിന്റെ പുറകെ നില്‍ക്കുന്നവരാണ്. അവരുടെ എക്‌സ്പ്രഷന്‍ ഞാന്‍ ഇങ്ങനെ നോക്കും.
ഈ ടേക് മൊത്തത്തില്‍ ഓക്കെയാണെന്ന് പറയുമ്പോള്‍ അവരുടെ മുഖത്തൊരു ഭാവമുണ്ട് അത് ഓക്കെയാണെങ്കില്‍ എനിക്ക് ഓക്കെയാണ്. ശ്രീ മൂവിസാണ് പണ്ടൊക്കെ ഏറ്റവും കൂടുതല്‍ സിനിമയില്‍ വര്‍ക്ക് ചെയ്ത ലൈറ്റ് ഓഫീസേഴ്‌സ്. അവരുടെ മുഖത്ത് നമ്മള്‍ നോക്കുമ്പോള്‍ ശരിയായില്ലാ എന്ന എക്‌സ്പ്രഷന്‍ ആണെങ്കില്‍ ‘ ചേട്ടാ എന്ത് പറ്റിയെന്ന് ഞാന്‍ ചോദിക്കും. റിഹേഴ്‌സലില്‍ ചെയ്തത് പോലെ ചെയ്യാത്തത് എന്താണ് അപ്പോള്‍ നന്നായി ചെയ്തിരുന്നു’ അങ്ങനെ പറയും. പിന്നെ ഞാന്‍ ഡയറക്ടേഴ്‌സിന്റെ അടുത്ത് പോകും ഒരു ടേക്ക് കൂടെ എടുക്കണേ എന്ന് പറഞ്ഞ്. അങ്ങനെ റീ ടേക്ക് എടുത്തിട്ടുണ്ട് ഞാന്‍. തൊന്നൂറ്റൊമ്പത് ശതമാനവും അവരുടെ ജഡ്ജ്‌മെന്റ് കറക്റ്റായിരിക്കും,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi says that the lighters behind the scenes are the first audience of the film.