മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. മികച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച നടി കൂടിയാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും ഉര്‍വശിയാണ്.
കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരി എന്ന കഥാപാത്രവുമായി തനിക്ക് സാമ്യമുണ്ടെന്ന് പറയുകയാണ് ഉര്‍വശി. ആ കഥാപാത്രത്തിന്റെ ചെറിയൊരു അംശം തന്റെ ഉള്ളില്‍ ഉണ്ടെന്നും സുഹൃത്തുക്കളൊക്കെ തന്ന പഴയ സാധനങ്ങളൊക്കെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും ഉര്‍വശി പറയുന്നു.
നടി രേവതി തനിക്കൊരു കാര്‍ഡ് തന്നിട്ടുണ്ടായിരുന്നുവെന്നും കുറേ കാലം താനത് സൂക്ഷിച്ചുവെന്നും ഉര്‍വശി പറഞ്ഞു. ഒരിക്കല്‍ തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അത് വേസ്റ്റ് ആണെന്ന് പറഞ്ഞ് കീറിക്കളഞ്ഞെന്നും ദേഷ്യം വന്ന താന്‍ രണ്ട് ദിവസം കൊണ്ട് ആ സ്ത്രീയെ പറഞ്ഞുവിട്ടുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒര്‍ജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘കടിഞ്ഞൂല്‍ കല്യാണത്തിലെ കഥാപാത്രത്തിന്റെ ചെറിയൊരു അംശം എന്നിലുണ്ട്. ഞാന്‍ എന്റെ സുഹൃത്തുക്കളൊക്കെ തന്ന പഴയ സാധനങ്ങളൊക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എന്റെ പഴയ സാധനങ്ങളെല്ലാം ആരെങ്കിലും എടുത്ത് കളയുന്നത് വളരെ ദേഷ്യമുള്ള കാര്യമാണ്. രേവതി (അഭിനേത്രി) ചെയ്‌തൊരു പരസ്യ ചിത്രത്തിന്റെ കാര്‍ഡ് എനിക്ക് അയച്ച് തന്നു.
ആ ഒരു കാര്‍ഡ് കുറേക്കാലമായി എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ സൂക്ഷിച്ചുവെച്ചതാണ്. എന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ അത് നിസാരമാക്കിയെടുത്ത് അത് കീറിക്കളഞ്ഞു. എനിക്ക് കൊല്ലാനുള്ള ദേഷ്യം വന്നു. ഞാന്‍ കീറല്ലേ എന്ന് പറയുന്നതിന് മുന്‍പ് കീറി. എനിക്കങ്ങ് ദേഷ്യമൊക്കെ വന്നു. ഞാന്‍ രണ്ട് ദിവസം കൊണ്ട് ആ സ്ത്രീയെ പറഞ്ഞുവിട്ടു,’ ഉര്‍വശി പറയുന്നു.