അത്തരം സാഹചര്യത്തില്‍ എനിക്ക് ജാഡയാണെന്ന് പറയുമ്പോള്‍ ഞാന്‍ അത് ആസ്വദിക്കാറുണ്ട്: ഉര്‍വശി
Entertainment
അത്തരം സാഹചര്യത്തില്‍ എനിക്ക് ജാഡയാണെന്ന് പറയുമ്പോള്‍ ഞാന്‍ അത് ആസ്വദിക്കാറുണ്ട്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th January 2025, 1:56 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സിനിമാക്കാരില്‍ പലര്‍ക്കും ജാഡയാണെന്ന് പറയുന്നത് കേള്‍ക്കാമെന്നും താനും അത്തരം വാക്കുകള്‍ പലപ്പോഴും കേട്ടിട്ടുണ്ടെന്ന് പറയുകയാണ് ഉര്‍വശി. ഒട്ടും പരിചയമില്ലാത്ത ആളുകളെ കണുമ്പോള്‍ കൃത്രിമമായി ചിരിക്കാന്‍ തനിക്ക് അറിയില്ലെന്ന് ഉര്‍വശി പറഞ്ഞു. അത്തരം അവസ്ഥയില്‍ തന്റെ മുഖത്ത് സ്വഭാവികമായ എക്‌സ്പ്രഷന്‍ മാത്രമേ വരാറുള്ളൂവെന്നും അത് കാണുമ്പോള്‍ പലര്‍ക്കും ജാഡയായി തോന്നാറുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ തിരക്കില്‍ നിന്നൊക്കെ മാറി ഏതെങ്കിലും അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. തന്റെ സങ്കടങ്ങള്‍ ദൈവത്തോട് പറയാന്‍ ചെല്ലുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ആളുകള്‍ വന്ന് കമല്‍ ഹാസനെപ്പറ്റി ചോദിക്കുമെന്നും അത് തന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വരുന്ന തന്നോട് അത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മുഖത്ത് ദേഷ്യം കാണിക്കാതെ മറുപടി കൊടുക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ അത് അപ്പുറത്തുള്ളവര്‍ക്ക് മനസിലാകാറില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പിന്നീട് തനിക്ക് ജാഡയാണെന്ന് പലരോടും അവര്‍ പറയുമെന്നും അത്തരം ജാഡകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും ഉര്‍വശി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘സിനിമാക്കാരില്‍ പലര്‍ക്കും ജാഡയാണെന്ന് സാധാരണക്കാരോട് സംസാരിക്കാന്‍ മടിയാണെന്നും ചിലര്‍ പറയാറുണ്ട്. എനിക്കും അത്തരത്തില്‍ പല അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച്, ആരെയെങ്കിലും കാണുമ്പോള്‍ മുഖത്ത് കൃത്രിമ ചിരി ഫിറ്റ് ചെയ്യാന്‍ അറിയില്ല. അവര്‍ എത്ര ചിരിച്ചാലും എനിക്ക് അവരെ അറിയില്ലെങഅകില്‍ തിരിച്ച് ചിരിക്കാറില്ല.

ഉദാഹരണത്തിന് ഞാന്‍ ഷൂട്ടൊന്നും ഇല്ലാത്ത സമയത്ത് അമ്പലത്തിലോ മറ്റോ പോയിട്ടുണ്ടാകും. എന്റെ വിഷമങ്ങള്‍ ദൈവത്തോട് പറയാനാണ് പോകാറുള്ളത്. അപ്പോള്‍ ആരെങ്കിലും പിന്നില്‍ നിന്ന് തോണ്ടിയിട്ട്, ‘ഉര്‍വശിയല്ലേ, ഇപ്പോള്‍ തമിഴില്‍ അധികം കാണാറില്ലല്ലോ’ എന്നൊക്കെ ചോദിക്കും. അകത്ത് ഇരിക്കുന്ന പുള്ളിയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞ് അവിടുന്ന് മാറും.

നല്ല ദേഷ്യം വന്നാലും അതൊന്നും മുഖത്ത് കാണിക്കില്ല. പക്ഷേ, ആ ചോദ്യം നമുക്ക് ഇഷ്ടമായില്ലെന്ന് അവര്‍ക്ക് മനസിലാകും. ചിലര്‍ അതോടെ വിടും. വേറെ ചിലരുണ്ട്, അത് കേട്ട ശേഷം എനിക്ക് ജാഡയാണെന്നൊക്കെ കാണുന്നവരോട് പറഞ്ഞ് നടക്കും. അതൊന്നും എന്നെ ബാധിക്കില്ലെന്ന് മാത്രമല്ല, ആ ജാഡ ഞാന്‍ ആസ്വദിക്കുകയും ചെയ്യും,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi saying she can’t do fake smile to stranger peoples