കമൽ സാർ സിനിമക്ക് വേണ്ടി മരിക്കാൻ വരെ നിൽക്കുന്നയാളാണ് : ഉർവശി
Entertainment
കമൽ സാർ സിനിമക്ക് വേണ്ടി മരിക്കാൻ വരെ നിൽക്കുന്നയാളാണ് : ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th May 2023, 10:41 pm

സിനിമക്ക് വേണ്ടി വളരെ സാക്രിഫൈസ് ചെയ്യുന്നയാളാണ് കമൽ ഹാസൻ എന്ന് നടി ഉർവശി. ആൾക്കൂട്ടത്തിൽ നിന്നും കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ സാധിക്കുന്നയാളാണ് കമൽ എന്നും താരം പറഞ്ഞു.

ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിലെ ഓർമ്മകൾ നടി പങ്കുവെച്ചത്.
‘കമൽ സാറിന്റെ പ്രത്യേകത എന്തെന്നാൽ അത്രമാത്രം സിനിമക്ക് വേണ്ടി മരിക്കാൻ നിൽക്കുന്നയാളെ ഞാൻ കണ്ടിട്ടില്ല. സിനിമക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ജീവിക്കുന്നത്. സിനിമയിൽ ഇനി എന്ത് ടെക്നോളജി ഉണ്ടാകും എന്നൊക്കെ വരെ അദ്ദേഹം ചിന്തിക്കും.

നമുക്കൊന്ന് വയ്യെങ്കിൽ ഇന്ന് ഷൂട്ടിങ്ങിൽ നിന്ന് നേരത്തെ വിടുവോ എന്ന് ചോദിക്കുന്ന ആളാണ് ഞാൻ. കമൽ സാറിന്റെ ഒരു പ്രായം വെച്ച് ഉത്തമ വില്ലൻ എന്ന ചിത്രത്തിൽ തെയ്യത്തിന്റെ പോലുള്ള മേക്കപ്പ് പുലർച്ചെ മുതൽ വരച്ചുണ്ടാക്കിയിട്ട് കൈ രണ്ടും സൈഡുകളിലേക്ക് നീട്ടിവെക്കണം വൈകുന്നേരം വരെ. ഒരാൾ സ്ട്രോയിൽ ജ്യൂസൊക്കെ കൊടുക്കും. ഈ സിനിമക്ക് വേണ്ടി വൈകുന്നേരം വരെ പുള്ളി അങ്ങനെ തന്നെ നിൽക്കും. വൈകുന്നേരം മസ്സാജ് ചെയ്ത് ശെരിയാക്കും. ഇത്രമാത്രം സിനിമക്ക് വേണ്ടി സാക്രിഫൈസ് ചെയ്യുന്ന ആളെ ഞാൻ വേറെ കണ്ടിട്ടില്ല,’താരം പറഞ്ഞു.

സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ കമൽ ഹാസൻ തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഉർവശി പറഞ്ഞു.

‘അദ്ദേഹം ബാലചന്ദ്രൻ സാറിനെപോലെ തന്നെയാണ്. അഭിനയിച്ച ശേഷം ഓടി വന്ന് കയ്യിൽ തട്ടിയിട്ട് പോകും. ആദ്യമൊക്കെ എനിക്ക് മനസ്സിലായില്ല. എന്തെങ്കിലും ദേഷ്യത്തിൽ പറഞ്ഞതാണോ എന്ന് തോന്നിയിട്ടുണ്ട്. ശെരിക്കും നന്നായിട്ട് അഭിനയിച്ചു എന്നാണ് അതിന്റെ അർഥം.

പക്ഷെ ഷോട്ട് കഴിഞ്ഞിട്ട് നീ ഭയങ്കര രാക്ഷസിയാണ്, എനിക്ക് മനസ്സിലായിട്ടുണ്ട്, റിഹേഴ്‌സലിൽ കാണിക്കാത്തതൊക്കെ ടേക്കിൽ കാണിക്കുന്നു എന്നൊക്കെ പറയും. പക്ഷെ സത്യത്തിൽ അതല്ല.
കമൽ സാർ 25 തവണ റിഹേഴ്‌സൽ എടുത്താലും ആ 25 തവണയും ഒരേ മീറ്റർ ആയിരിക്കും. അദ്ദേഹം അത് ഫിക്സ് ചെയ്യും, മാറില്ല. നമുക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല. ഞാൻ ഒരു ടേക്ക് ചെയ്തിട്ട് അടുത്ത ടേക്കിൽ അങ്ങനെ ചെയ്യാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല.

നന്നായി അഭിനന്ദിക്കുന്ന ആളാണ് അദ്ദേഹം. അത് എന്നെ ഒരാളെ മാത്രമല്ല. ഒരു ആൾക്കൂട്ടം എടുക്കുകയാണെങ്കിൽ അതിൽ നിന്നും കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന് നല്ല വിഷൻ ഉണ്ട്,’ ഉർവശി പറഞ്ഞു.

Content Highlights: Urvashi on Kamal Haasan