ബേസിൽ ബ്രില്യന്റാണ്, അഭിനയം കണ്ടാൽ ക്യാമറ എവിടെയാണിരിക്കുന്നതെന്ന് ഇയാൾക്ക് അറിയില്ലായിരുന്നോ എന്ന് തോന്നും: ഉർവശി
Entertainment
ബേസിൽ ബ്രില്യന്റാണ്, അഭിനയം കണ്ടാൽ ക്യാമറ എവിടെയാണിരിക്കുന്നതെന്ന് ഇയാൾക്ക് അറിയില്ലായിരുന്നോ എന്ന് തോന്നും: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th May 2023, 7:53 pm

ബേസിൽ വളരെ ബ്രില്യന്റ് നടനാണെന്ന് നടി ഉർവശി. ബേസിലിന്റെ സിനിമകൾ കണ്ടാൽ ക്യാമറ എവിടെയാണിരിക്കുന്നതെന്ന് അറിയാതെ അഭിനയിക്കുന്നതായി തോന്നുമെന്ന് താരം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘ഞാനൊക്കെ സിനിമയിൽ വന്ന സമയത്ത് ക്യാരക്ടർ റോൾസ് ചെയ്തിരുന്നവരാണ് കൂടുതലും ബെസ്റ്റ് ആക്ടർ ആയിരുന്നത്. അതായത്, ബഹുമാനപ്പെട്ട ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, ശങ്കരാടി അമ്മാവൻ, നെടുമുടി വേണു ചേട്ടൻ എന്നിവർക്ക് എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാനുള്ള അവസരം ലഭിക്കും. കാരണം ഇവർ ഹീറോകളെക്കാൾ ക്യാരക്ടർ റോൾസ് കൂടുതൽ ചെയ്യുന്നുണ്ട്.
പക്ഷെ ഇപ്പോൾ ബ്രില്യന്റ് ആക്‌ടേഴ്‌സ് ആണ് എല്ലാവരും. പലരെയും കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ബേസിൽ. നല്ലൊരു സംവിധായകനാണ് അദ്ദേഹം. ചില സിനിമകൾ കണ്ടാൽ ക്യാമറ ഇരിക്കുന്ന സ്ഥലം ഇയാൾക്ക് അറിഞ്ഞൂടായിരുന്നോ എന്ന് തോന്നും.
അതുപോലെ തന്നെയാണ് ഈ തലമുറയിലെ ഓരോ ആക്ടേഴ്‌സും,’ ഉർവശി പറഞ്ഞു.

ഏറ്റവും കൂടുതൽ ഹാസ്യം ചെയ്യാൻ ആഗ്രഹമുള്ള ആളാണ് മമ്മൂട്ടിയെന്നും മലയാളത്തിലെ എല്ലാവരുടെയും കൂടെ അഭിനയിക്കാൻ ഇഷ്ടമാണെന്നും നടി പറഞ്ഞു.
ശ്രീനിവാസന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള ഹാസ്യം തനിക്ക് വളരെ നാച്വറൽ ആയിട്ട് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


‘മമ്മൂക്ക സീരിയസ് കഥാപാത്രം മാത്രം ചെയ്യുന്ന നടനാണെന്ന് നമ്മൾ വിചാരിക്കും. എന്നാൽ, ഏറ്റവും നന്നായി ഹാസ്യം ചെയ്യണമെന്ന് ആഗ്രഹമുള്ള ആൾ മമ്മൂക്ക ആണ്. നന്നായിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്യും. വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രം ചെയ്തിട്ട് പെട്ടെന്ന് മായാവിയും, തുറുപ്പ് ഗുലാനും പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യും.


നമ്മുടെ എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം അഭിനയിക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഞാൻ കൂടുതലും വർക്ക് ചെയ്തിരിക്കുന്നത് ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റിലാണ്,’ ഉർവശി പറഞ്ഞു.

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചാൾസ് എന്റർപ്രൈസസ് ആണ് ഉർവശി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, കലെയ് അരസൻ, സുജിത് ശങ്കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

Content Highlights: Urvashi on Basil joseph and Malayalam movie  actors