ആ സിനിമയിലെ റൊമാന്റിക് സീന്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു, അവസാനം എന്റെ ശില്‍പ്പം വെച്ചാണ് ആ രംഗം ചെയ്തത്: ഉര്‍വശി
Entertainment
ആ സിനിമയിലെ റൊമാന്റിക് സീന്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു, അവസാനം എന്റെ ശില്‍പ്പം വെച്ചാണ് ആ രംഗം ചെയ്തത്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 5:57 pm

 

ഭരതന്റെ സംവിധാനത്തില്‍ 1993-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെങ്കലം. ലോഹിതദാസ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി, ഉര്‍വശി, കെ.പി.എസി ലളിത, മനോജ് കെ.ജയന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. ഇപ്പോള്‍ വെങ്കലം സിനിമയിലെ താനും മുരളിയും തമ്മിലുള്ള ലവ് സീനീനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

വെങ്കലം എന്ന സിനിമയില്‍ താനും മുരളിയും തമ്മിലുള്ള ഒരു സീക്വന്‍സ് ഉണ്ടെന്നും സിനിമയില്‍ അദ്ദേഹം ഒരു മൊരടനായ കഥാപാത്രമാണെന്നും ഉര്‍വശി പറയുന്നു. ഒരു ഫസ്റ്റ് നെറ്റ് സീക്വന്‍സാണ് എടുക്കേണ്ടിയിരുന്നതെന്നും തനിക്കും അദ്ദേഹത്തിനും അത് ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

താന്‍ മുരളിയെ കൊച്ചേട്ടന്‍ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം തന്റെ ബന്ധുവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് റൊമാന്റിക് സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംവിധായകന്‍ അറിയാമെന്നും അതുകൊണ്ട് തന്റെ ഒരു ശില്‍പ്പത്തെ വെച്ചാണ് പിന്നീട് ആ സീനുകളെല്ലാം എടുത്തതെന്നും ഉര്‍വശി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘മുരളി ചേട്ടനും ഞാനും കൂടെയുള്ള വെങ്കലത്തിലെ ഒരു സീനുണ്ട്. വെങ്കലത്തില്‍ ഭയങ്കര മൊരടനായിട്ടുള്ള ഒരാളായിട്ടാണ് മുരളി ചേട്ടന്‍. അപ്പോള്‍ ഒരു ഫസ്റ്റ് നൈറ്റ് സീക്വന്‍സാണ് എടുക്കുന്നത്. ഞാന്‍ കൊച്ചേട്ടാനാണ് വിളിക്കുന്നത്. എന്റെ ബന്ധുവും കൂടെയാണ്. അപ്പോള്‍ കൊച്ചേട്ടന് എന്റെ കൂടെ ലൗവ് സീന്‍ അഭിനയിക്കാന്‍ വലിയ പാടാണ്. ഞാനും ലവ് സീന്‍ അഭിനയിക്കാന്‍ നല്ല മോശമാണ് അത് ഭരതന് അങ്കിളിനും അറിയാം. ഇത് എടുക്കാണ്ട് ഇരിക്കാന്‍ നിവര്‍ത്തിയില്ലല്ലോ എന്ന് ഭരതേട്ടന്‍ പറഞ്ഞു.

ഒരുപാട് ആലോചിച്ചിട്ട്, പിന്നെ എന്റെ ഒരു ശില്‍പ്പം വെച്ചിട്ടാണ് അത് ചെയ്തത്. എന്റെ ദേഹത്ത് തൊടുന്നതൊക്കെ ശില്‍പ്പത്തിനെ തൊടുന്നതായിട്ടാണ് കാണിച്ചത്. പിന്നെ രണ്ട് പേരും ഹഗ് ചെയ്യുന്ന ഒരു സീനുണ്ട്. അതില്‍ മുരളി ചേട്ടന്‍ അത്രയും ദൂരം അകലെയാണ്. ഞാനിവിടെ രണ്ട് ഷാഡോ പ്ലേ പോലെയാണ് കാണിച്ചത്. നിഴല് കാണുമ്പോള്‍ രണ്ട് പേര് ഹഗ് ചെയ്യുന്നതുപോലെ തോന്നും,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi is talking about the love scene between her and Murali in the movie Venkalam.