മിനി ചേച്ചിയിലെ നടിയെ പുറത്തെടുക്കാന്‍ സാധിച്ച സിനിമകളാണ് അതൊക്കെ, അതിന്റെ സംവിധായകരോട് നന്ദിയുണ്ട്: ഉര്‍വശി
Entertainment
മിനി ചേച്ചിയിലെ നടിയെ പുറത്തെടുക്കാന്‍ സാധിച്ച സിനിമകളാണ് അതൊക്കെ, അതിന്റെ സംവിധായകരോട് നന്ദിയുണ്ട്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 8:45 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തന്റെ സഹോദരിയും മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ കല്പനയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. സീരിയസായിട്ടുള്ള വേഷങ്ങള്‍ ചെയ്യാനാണ് കല്പന പലപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് ഉര്‍വശി പറഞ്ഞു. എന്നാല്‍ പണ്ടുകാലത്ത് പലരും കോമഡി വേഷങ്ങളില്‍ കല്പനയെ ടൈപ്പ്കാസ്റ്റ് ചെയ്തിരുന്നെന്നും അത് അവര്‍ക്ക് വിഷമമുണ്ടാക്കിയിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കല്പനക്ക് ലഭിച്ചതില്‍ മികച്ച വേഷമായി താന്‍ കരുതുന്നത് സ്പിരിറ്റ്, ബാംഗ്ലൂര്‍ ഡേയ്‌സ്, ഡോള്‍ഫിന്‍സ്, ചാര്‍ലി എന്നീ സിനിമകളിലായിരുന്നെന്നും ഉര്‍വശി പറഞ്ഞു. ഈ സിനിമകളിലെല്ലാം കല്പനയുടെ പ്രകടനം ഗംഭീരമായിരുന്നെന്നും അത്തരം വേഷങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവര്‍ കാത്തിരുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

 

അത്തരം വേഷങ്ങള്‍ നല്‍കിയതിനാല്‍ ആ സിനിമകളുടെ സംവിധായകരോട് തനിക്ക് നന്ദിയുണ്ടെന്നും ഉര്‍വശി പറഞ്ഞു. കല്പന ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ സീരിയസ് വേഷങ്ങളിലേക്ക് സംവിധായകരുടെ ആദ്യ ചോയ്‌സ് അവരായേനെയെന്നും ഉര്‍വശി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.

‘മിനി ചേച്ചി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് സീരിയസായിട്ടുള്ള റോളുകള്‍ ചെയ്യാനായിരുന്നു. അത്തരം വേഷങ്ങളോടായിരുന്നു ചേച്ചിക്ക് താത്പര്യം. എന്നാല്‍ പണ്ടൊക്കെ കോമഡി റോളില്‍ ചേച്ചി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു. ആ കാര്യത്തില്‍ ചേച്ചിക്ക് നല്ല വിഷമമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കോമഡി റോള്‍ ചെയ്യുന്നില്ലെന്ന് വരെ ചേച്ചി പറഞ്ഞിട്ടുണ്ട്.

പക്ഷേ അവസാന കാലത്ത് ചേച്ചിയെ തേടി നല്ല റോളുകള്‍ വന്നിരുന്നു. സ്പിരിറ്റ്, ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ലി, ഡോള്‍ഫിന്‍സ് എന്നീ സിനിമകള്‍ അതിന് ഉദാഹരണമാണ്. ചേച്ചിയിലെ നടിയെ പുറത്തെടുക്കാന്‍ സാധിച്ച സിനിമകളായിരുന്നു അതൊക്കെ. ആ സിനിമകളുടെ സംവിധായകരോട് എനിക്ക് നന്ദിയുണ്ട്. ചേച്ചി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ സീരിയസ് റോളുകള്‍ ചെയ്യാന്‍ പല സംവിധായകരും ആദ്യം ചേച്ചിയെ സമീപിച്ചേനെ.’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi about the best roles of her sister Kalpana