ലണ്ടനില്‍ പോയ അവളോട് പട്ടുപാവാടയും ബ്ലൗസും വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു: ഉര്‍വശി
Entertainment
ലണ്ടനില്‍ പോയ അവളോട് പട്ടുപാവാടയും ബ്ലൗസും വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 12:09 pm

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു.ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

ഇപ്പോള്‍ തന്റെ മകള്‍ കുഞ്ഞാറ്റയെ കുറിച്ചും തന്റെ പാരന്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് ഉര്‍വശി. തന്റെ അമ്മയും അമ്മൂമയുമൊക്ക തന്നെ വളര്‍ത്തിയ രീതി തന്റെ ഉള്ളിലേക്ക് എപ്പോഴും വരുമെന്ന് ഉര്‍വശി പറയുന്നു. തന്റെ മകള്‍ നല്ല മോഡേണ്‍ വസ്ത്രം ധരിക്കുന്നയാളാണെന്നും കേരളത്തിന് പുറത്തും മറ്റുമൊക്കെയാണ് പഠിച്ചതെന്നും അവര്‍ പറഞ്ഞു

ലണ്ടനില്‍ പോയ തന്റെ മകളോട് താന്‍ പട്ടുപാവാടയും ബ്ലൗസും കൂടെ എടുക്കാന്‍ പറഞ്ഞുവെന്നും കുഞ്ഞാറ്റ അത് കേട്ടിട്ട് താത്പര്യ കുറവ് കാണിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. തന്റെ അമ്മ തങ്ങളെ വിദേശത്തും മറ്റുമൊക്കെ കൊണ്ട് പോകുമ്പോള്‍ അങ്ങനെയാണ് വസ്ത്രം ധരിപ്പിച്ചിരുന്നതെന്നും ഉര്‍വശി പറയന്നു. കൈരളി ടി.വി.യില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്റെ അമ്മയും അമ്മൂമയുമൊക്കെ ഞങ്ങളെ വളര്‍ത്തിയ രീതി ഞാന്‍ അമ്മയായപ്പോള്‍ എന്റെ ഉള്ളിലോട്ട് കേറി വന്നു. കുഞ്ഞാറ്റ നല്ല മോഡേണ്‍ ഡ്രസുകളെ ഇടുകയുള്ളു. ഏറ്റവും അപ്‌ഡേറ്റഡ് ആയിട്ടെ ഡ്രസ് ഇടുകയുള്ളൂ. ലണ്ടനില്‍ പോയ എന്റെ മക്കളോട് ഞാന്‍ പറഞ്ഞു. ‘ മക്കളെ ഒരു പട്ടുപാവാടയും ബ്ലൗസും കൂടെ എടുത്തോണ്ട് പോ. ‘അമ്മ…എന്തോന്ന് അമ്മ, ലണ്ടനില്‍ വന്ന് പട്ടുപാവാടയും ബ്ലൗസും ഉടുത്തോണ്ട് ഞാന്‍ പോകണോ’ എന്നാണ് അവള്‍ എന്നോട് ചോദിച്ചത്.

ഞാന്‍ പറഞ്ഞു, ഞങ്ങളെ അമേരിക്കക്ക് കൊണ്ട് പോകുമ്പോള്‍ അമ്മ അത് പ്രത്യേകിച്ച് എടുത്തോണ്ട് പോകും. എന്റെ അമ്മ പറയുന്ന തീയറി എന്താണെന്ന് വെച്ചാല്‍, അവരുടെ കുട്ടിക്കാലത്ത് അമ്മ നല്ല മോഡേണായ വസ്ത്രമാണ് ഇട്ടുകൊണ്ടിരുന്നത്. വിദേശ രാജ്യങ്ങളില്‍ നമ്മള്‍ ഈ ഡ്രസ് ഇടുന്നതല്ലേ പുതുമ എന്നാണ് എന്റെ അമ്മ പറഞ്ഞത്,’ ഉര്‍വശി പറയുന്നു.

 

Content Highlight: Urvashi about her daughter Teja lakshmi