തമിഴ് സിനിമയുടെ അസിസ്റ്റന്റ് പറഞ്ഞിട്ടാണ് ബേസിലിന്റെ ആ സിനിമ ഞാന്‍ കണ്ടത്, മലയാള സിനിമകള്‍ക്ക് നല്ല ശ്രദ്ധ കിട്ടുന്നുണ്ടെന്ന് അന്ന് മനസിലായി: ഉര്‍വശി
Entertainment
തമിഴ് സിനിമയുടെ അസിസ്റ്റന്റ് പറഞ്ഞിട്ടാണ് ബേസിലിന്റെ ആ സിനിമ ഞാന്‍ കണ്ടത്, മലയാള സിനിമകള്‍ക്ക് നല്ല ശ്രദ്ധ കിട്ടുന്നുണ്ടെന്ന് അന്ന് മനസിലായി: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 10:58 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളസിനിമകള്‍ക്ക് കേരളത്തിന് പുറത്ത് കിട്ടുന്ന ശ്രദ്ധയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ജേ ബേബി എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി തമിഴ്‌നാട്ടില്‍ ഒന്നുരണ്ട് പ്രൊമോഷന് പോയിരുന്നെന്നും ആ സമയത്ത് എല്ലാവരും മലയാളത്തിലെ സിനിമകളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നതെന്നും ഉര്‍വശി പറഞ്ഞു.

ആ സിനിമയുടെ അസിസ്റ്റന്റ് പറഞ്ഞാണ് ബേസില്‍ ജോസഫിന്റെ ജാന്‍ ഏ മന്‍ എന്ന സിനിമയെക്കുറിച്ച് താന്‍ കേട്ടതെന്നും അങ്ങനെയാണ് ആ സിനിമ കണ്ടതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. സൈജു കുറുപ്പ് നായകനായ ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍ എന്ന സിനിമയെക്കുറിച്ചും അയാള്‍ സംസാരിച്ചെന്നും മലയാളത്തിലെ സിനിമകളെ കേരളത്തിന് പുറത്തുള്ളവര്‍ ശ്രദ്ധയോടെ കാണുന്നുണ്ടെന്നും ഉര്‍വശി പറയുന്നു.

പണ്ട് കാലത്ത് മലയാളസിനിമകളുടെ തമിഴ് ഡബ്ബായിരുന്നു പലരും കണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മലയാള സിനിമകള്‍ മലയാളത്തില്‍ തന്നെ കാണാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മലയാളസിനിമയെ എല്ലാവരും അംഗീകരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും ഉര്‍വശി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ജേ ബേബി എന്ന തമിഴ് സിനിമയുടെ പ്രൊമോഷന് വേണ്ടി ഒന്നുരണ്ട് പരിപാടികളില്‍ പങ്കെടുത്തു. ആ പടത്തിന്റെ സംവിധായകനും അസിസ്റ്റന്റും എന്ന് വേണ്ട പലരും സംസാരിച്ചത് മലയാളത്തിലെ സിനിമകളെക്കുറിച്ചായിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയെ അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ടെന്ന് അന്ന് മനസിലായി. കാരണം, ഇവിടെയിറങ്ങുന്ന സിനിമകള്‍ അത്തരത്തിലുള്ളതാണ്.

ആ പടത്തിന്റെ അസിസ്റ്റന്റ് പറഞ്ഞിട്ടാണ് ബേസിലിന്റെ ജാന്‍ ഏ മന്‍ എന്ന പടത്തിനെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. പിന്നീട് ആ പടം കണ്ടു. അതുപോലെ ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍ എന്ന പടത്തിനെക്കുറിച്ചും അവന്‍ സംസാരിച്ചു. നമ്മുടെ സിനിമകള്‍ക്ക് കിട്ടുന്ന റെക്കഗനിഷനാണത്. പണ്ടൊക്കെ മലയാളസിനിമകളുടെ തമിഴ് ഡബ്ബ് ഉണ്ടെങ്കില്‍ മാത്രമേ പലരും കാണാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് മലയാളത്തിലെ സിനിമകള്‍ മലയാളത്തില്‍ തന്നെ പലരും കാണാന്‍ ശ്രമിക്കുന്നുണ്ട്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi about Basil Joseph and Jan E Man movie